X

കാമുകി സമ്പാദ്യമെല്ലാം അടിച്ചുമാറ്റി ഓട്ടോക്കാരനൊപ്പം മുങ്ങി; 70 ഓട്ടോക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് യുവാവിന്റെ പ്രതികാരം

നിരവധി പ്രതികാര കഥകളാണ് ദിവസേന നമ്മള്‍ കേള്‍ക്കാറുള്ളത്. കൊലപാതകങ്ങളും അക്രമങ്ങളും പല പ്രതികാരങ്ങളുടെ ഭാഗമായി സ്ഥിരം കേള്‍ക്കുന്ന വാര്‍ത്തകളുമാണ്. എന്നാല്‍ തന്നെ പറ്റിച്ച് കടന്നു കളഞ്ഞ കാമുകിയോടുള്ള ദേഷ്യം ഓട്ടോക്കാരോട് തീര്‍ക്കുകയാണ് ആസിഫ് എന്ന യുവാവ്. എന്തിനാണ് ആസിഫ് ഓട്ടോ െ്രെഡവര്‍മാരെ മാത്രം ലക്ഷ്യമിട്ടത്, അവരില്‍ നിന്ന് മാത്രം മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുക്കുന്നത് ? എന്തുകൊണ്ടാണ് മറ്റുള്ള സാധാരണക്കാരില്‍ നിന്ന് ഇയാള്‍ മൊബൈല്‍ മോഷ്ടിക്കാത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ആസിഫ് അതിനുള്ള കാരണവും വ്യക്തമാക്കി. സ്വന്തം ജീവിതത്തില്‍ അയാള്‍ക്ക് നേരിടേണ്ടി വന്ന ഒരു തിക്താനുഭവത്തില്‍ നിന്നുണ്ടായ പ്രതികാരത്തിന്റെ ഞെട്ടിക്കുന്ന ഒരു കഥയായിരുന്നു.

അഹമ്മദാബാദില്‍ മുമ്പ് വളരെ ലാഭകരമായി ഒരു റെസ്‌റ്റോറന്റ് നടത്തിയിരുന്ന ആസിഫ് ആ റെസ്‌റ്റോറന്റ് വിറ്റുകിട്ടിയ പണവുമായിട്ടാണ്, തന്റെ 27 കാരിയായ കാമുകിയുമായി പുണെ നഗരത്തിലേക്ക് ചേക്കേറിയത്. ആ പണം അയാളുടെ ആയുഷ്‌കാല സമ്പാദ്യമായിരുന്നു. ആസിഫും കാമുകിയുമായുള്ള ബന്ധം അയാളുടെ അച്ഛനമ്മമാര്‍ക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ടാണ് അയാള്‍ റെസ്‌റ്റോറന്റ് ഒക്കെ വിറ്റ്, അവരില്‍ നിന്നൊക്കെ ഏറെ ദൂരെ തന്റെ കാമുകി മാത്രമുള്ളൊരു നഗരത്തില്‍ അവള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടി പുണെക്ക് വന്നത്. പുണെക്ക് പോകാം എന്നുള്ള ഐഡിയ അയാള്‍ക്ക് കൊടുത്തതും കാമുകി തന്നെയായിരുന്നു.

എന്നാല്‍, പുണെയില്‍ എത്തിയതിന്റെ രണ്ടാം നാള്‍, അവള്‍ അവിടെയുള്ള ഒരു ഓട്ടോ ഡ്രൈവറുമൊത്ത് തിരികെ ഗുജറാത്തിലേക്കുതന്നെ ഒളിച്ചോടി. എന്നാല്‍ പോയത് വെറും കയ്യോടെ ആയിരുന്നില്ല, റെസ്‌റ്റോറന്റ് വിറ്റ് ആസിഫ് കയ്യില്‍ കരുതിയിരുന്ന പണം മുഴുവനായും അടിച്ചുമാറ്റിക്കൊണ്ടാണ് കാമുകി സ്ഥലംവിട്ടുകളഞ്ഞത്. കാമുകി പോയതിനു പിന്നാലെ ആസിഫും അവളെ തെരഞ്ഞു പോയി എങ്കിലും, അയാള്‍ അവിടെ എത്തുമ്പോഴേക്കും ഓട്ടോഡ്രൈവറുമൊത്തുള്ള അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു. ആ വേദനിപ്പിക്കുന്ന സത്യം നേരില്‍ കണ്ടു ബോധ്യം വന്ന ആസിഫ് വീണ്ടും പുണെയിലേക്ക് തന്നെ തിരിച്ചു പോന്നു.

തിരികെ പുണെയിലെത്തിയ ആസിഫ് കൂലിപ്പണിയൊക്കെ ചെയ്ത് വയറ്റിപ്പിഴപ്പിനുള്ള വക കണ്ടെത്താന്‍ തുടങ്ങി എങ്കിലും, കാമുകി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയശേഷം ആസിഫിന് ഓട്ടോ ഡ്രൈവര്‍മാരോട് പകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിഷമിക്കുന്നത് കാണാന്‍ വേണ്ടി ആസിഫ് എന്തിനും തയ്യാറായിരുന്നു. അങ്ങനെയാണ് അയാള്‍ അവരെ ലക്ഷ്യമിട്ട് അവരുടെ മൊബൈല്‍ ഫോണുകള്‍ അടിച്ചുമാറ്റാന്‍ തുടങ്ങിയത്. ഓട്ടോക്കാരുടെ മൊബൈല്‍ മോഷ്ടിക്കാന്‍ വേണ്ടി മാത്രം അയാള്‍ കത്‌റജ്, കോന്ദ്വാ, ക്യാമ്പ് ഏരിയയില്‍ ഓട്ടോ കൈകാണിച്ചു നിര്‍ത്തി സഞ്ചാരം തുടങ്ങി. യാത്രക്കിടെ എന്തെങ്കിലുമൊക്കെ ചെയ്ത് അവരുടെ ശ്രദ്ധ തിരിച്ച് മെല്ലെ ഫോണ്‍ അടിച്ചുമാറ്റും. ആസിഫ് സ്ഥിരം ലക്ഷ്യമിട്ടിരുന്നത് ഓട്ടോയുടെ ഉള്‍വശം കുഷ്യന്‍ സീറ്റൊക്കെ പിടിപ്പിച്ച്, എല്‍ഇഡി ലൈറ്റും സ്റ്റീരിയോ സീറ്റും വൂഫറുമൊക്കെ പിടിപ്പിച്ച്, കാര്യമായ ഇന്റീരിയര്‍ ചെയ്ത് പൊലിപ്പിച്ചു കൊണ്ടുനടന്നിരുന്ന ഓട്ടോ റിക്ഷകള്‍ മാത്രമായിരുന്നു. അങ്ങനെ നടക്കുന്നവരുടെ കയ്യില്‍ വിലയേറിയ സ്മാര്‍ട്ട് ഫോണുകളും ഉണ്ടാകും എന്നയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നത് തന്നെ കാരണം. അതുപോലെ, ഡ്രൈവറുടെ കയ്യിലുള്ളത് വിലയേറിയ സ്മാര്‍ട്ട് ഫോണ്‍ ആണെങ്കില്‍ മാത്രമേ അയാള്‍ മോഷ്ടിച്ചിരുന്നുമുള്ളൂ. പാവപ്പെട്ട ഓട്ടോക്കാരെ അയാള്‍ ഉന്നം വെച്ചിരുന്നില്ല. വില എത്ര ഏറെയാണോ, നഷ്ടപ്പെട്ടാലുണ്ടാകുന്ന സങ്കടവും അത്ര തന്നെ ഏറും എന്നതിനാലാണ് അങ്ങനെ ചെയ്തിരുന്നതത്രെ. എന്നിട്ട് അവരറിയാതെ മൊബൈല്‍ കയ്യിലാക്കും. ഇതായിരുന്നു സ്ഥിരം പരിപാടി.

അങ്ങനെ തുടര്‍ച്ചയായി ഓട്ടോക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോവുന്ന കേസുകള്‍ ഏറിയപ്പോള്‍ പൊലീസ് ആദ്യം കുറേക്കാലം സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും മാസങ്ങളോളം ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍, പൊലീസിന്റെ ഇന്‍ഫോര്‍മാര്‍ വഴിയാണ് ആസിഫിലേക്ക് നീളുന്ന തുമ്പ് പൊലീസിന് കിട്ടുന്നതും, അയാളെ അവര്‍ അറസ്റ്റു ചെയ്യുന്നതും. വിലകൂടിയ 12 സ്മാര്‍ട്ട് ഫോണുകള്‍ ഇതുവരെ ആസിഫിന്റെ വീട്ടില്‍ നിന്നുതന്നെ പൊലീസ് കണ്ടെടുത്തുകഴിഞ്ഞു. ബാക്കിയുള്ള ഫോണുകള്‍ കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Test User: