മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് വഴി കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും വലിയ വില്‍പ്പനയാണ് നടന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15 മുതല്‍ 21 വരെ നടന്ന ഉത്സവ വില്‍പ്പനയുടെ 47 ശതമാനവും സ്മാര്‍ട് ഫോണുകള്‍ ആയിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ഷോപ്പിങ് വിഭാഗത്തില്‍ സ്മാര്‍ട് ഫോണുകളായിരുന്നു മുന്നില്‍. പുതിയ ഫോണുകളുടെ അവതരിപ്പിക്കലും താങ്ങാനാവുന്ന വിലകളും ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
ഉത്സവ വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ ഓരോ 60 സെക്കന്‍ഡിലും 1.5 കോടി രൂപയുടെ സ്മാര്‍ട് ഫോണുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിച്ചുവെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്‌സീര്‍ അഭിപ്രായപ്പെട്ടത്. വസ്ത്രങ്ങള്‍ക്കായുള്ള ആവശ്യം ഇപ്പോഴും കുറവാണ്. എന്നാല്‍, ഫാഷന്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ വലിയ വില്‍പ്പന കാണിച്ചില്ലെങ്കിലും ഉത്സവ സീസണില്‍ വില്‍പ്പനയുടെ 14 ശതമാനം പിടിച്ചെടുക്കാന്‍ സാധിച്ചെന്നും റെഡ്‌സീര്‍ വ്യക്തമാക്കി.
വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും കൂടി. ഏഴു ദിവസത്തെ ഉത്സവ വില്‍പ്പനയില്‍ 50 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റതായി സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ എംഐ ഇന്ത്യ അറിയിച്ചു.
ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പോക്കോ ഉത്സവ വില്‍പ്പന കാലയളവില്‍ 10 ലക്ഷത്തിലധികം സ്മാര്‍ട് ഫോണുകള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ വിറ്റു. മൊബൈല്‍ വിഭാഗത്തില്‍ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളില്‍ രണ്ട് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഫ്‌ലിപ്കാര്‍ട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.