രാജ്യത്തെ ടെലികോം കമ്പനികളെല്ലാം വീണ്ടും നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ സാധ്യത. ഇതിന്റെ സൂചനകളാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നല്‍കിയിരിക്കുന്നത്. മൊബൈല്‍ താരിഫ് വര്‍ധനവിന്റെ കാര്യത്തില്‍ നിന്ന് വോഡഫോണ്‍ ഐഡിയ ഒഴിഞ്ഞുമാറില്ലെന്ന് കമ്പനി മാനേജ്‌മെന്റ് വെള്ളിയാഴ്ച പറഞ്ഞു. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ കമ്പനി 2021 ന്റെ തുടക്കത്തില്‍ ധനസമാഹരണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
വോയ്‌സ്, ഡേറ്റാ സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളില്‍ ആദ്യത്തേത് വോഡഫോണ്‍ ഐഡിയാകാം. വില വര്‍ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞുമാറില്ലെന്നും മറ്റുള്ളവര്‍ക്ക് ഇതൊരു മാതൃകയായി പ്രവര്‍ത്തിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് (സിഇഒ) രവീന്ദര്‍ തക്കര്‍ പറഞ്ഞു.
ടെലികോം കമ്പനിയുടെ രണ്ടാം പാദ നഷ്ടം 7,218 കോടി രൂപയാണ്. 58,000 കോടി രൂപയുടെ എജിആര്‍ കുടിശ്ശികയും ബാങ്ക് ഗ്യാരണ്ടികളുടെ റീഫിനാന്‍സിംഗും ഒരു പ്രധാന ആശങ്കയായി തുടരുകയാണ്. നിലവിലെ നിരക്കുകള്‍ സുസ്ഥിരമല്ല. ഒരു ഉപയോക്താവില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം (ആര്‍പു) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീടിത് 300 രൂപയായും ഉയര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താരിഫ് വര്‍ധനവ് വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും നഷ്ടം കുറയ്ക്കാനും സഹായിക്കും. 4 ജി വിപുലീകരണം, നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തലുകള്‍ എന്നിവയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനും ഏറെ പണമിറക്കേണ്ടതുണ്ട്. ഇപ്പോള്‍ ഐഡിയ വോഡഫോണിന്റെ ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ആര്‍പു) 119 രൂപയും എയര്‍ടെല്ലിന്റേത് 162 രൂപയുമാണ്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോയ്‌സ്, ഡേറ്റാ സേവനങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വില നിശ്ചയിക്കാന്‍ ശ്രമിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ മേധാവി പറഞ്ഞു. ടെലികോം മേഖലയുടെ നില മെച്ചപ്പെടുത്തുന്ന സേവനങ്ങള്‍ക്കായി അടിസ്ഥാന വിലനിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ട്രായി അടുത്തിടെ വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളെ കണ്ടിരുന്നു.
അതേസമയം, നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് മുമ്പ് തന്നെ എയര്‍ടെല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ പറഞ്ഞിരുന്നു.