X
    Categories: keralaNews

മൊബൈല്‍ നമ്പര്‍ ആര്‍സി ബുക്കുമായി ലിങ്ക് ചെയ്യണം; ഇല്ലെങ്കില്‍ വാഹനപരിശോധനയില്‍ കുടുങ്ങും

മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന ഡിജിറ്റല്‍ രൂപത്തിലായതോടെ പല വാഹന ഉടമകളും കോടതി കയറേണ്ട അവസ്ഥയിലാണ്. ആര്‍സി ബുക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറാണ് ഇവിടെ വില്ലനാവുന്നത്. റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന ഒഴിവാക്കി നിയമലംഘനം കണ്ണില്‍ പെട്ടാല്‍ ഓണ്‍ലൈനായാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. കേസ് റജിസ്റ്റര്‍ ചെയ്താല്‍ ആര്‍സി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് മെസേജും ലഭിക്കും. എന്നാല്‍ പലപ്പോഴും മെസേജ് ലഭിക്കുന്നില്ലെന്നും കേസെടുത്തത് അറിയുന്നില്ലെന്നുമാണ് ആളുകളുടെ പരാതി. കേസ് കോടതിയില്‍ എത്തി സമന്‍സ് വരുമ്പോഴായിരിക്കും ആളുകള്‍ അറിയുക. കേസ് റജിസ്റ്റര്‍ ചെയ്ത് ഏകദേശം 75 ദിവസം വരെ ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കും അതിനുശേഷമാണ് കോടതി നടപടികളിലേക്ക് പോകുന്നത്.

വാഹനം റജിസ്റ്റര്‍െചയ്യുമ്പോള്‍ നല്‍കുന്ന തെറ്റായ നമ്പറാണ് ഇവിടെ വില്ലനാവുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എളുപ്പത്തിന് വേണ്ടി നല്‍കുന്ന നമ്പര്‍ തന്നെയായിരിക്കും ഉടമയുടെ നമ്പറായി പരിവാഹനന്‍ വെബ്‌സൈറ്റിലുണ്ടാകുക, അതുകൊണ്ടാണ് എസ്എംഎസ് വഴി പിഴയുടെ ഡീറ്റൈന്‍സ് ലഭിക്കാത്തത്. വാഹന ഉടമകളില്‍ അറുപതു ശതമാനത്തില്‍ അധികം ആളുകളും ഇത്തരത്തിലുള്ള നമ്പറുകളാണ് നല്‍കിയിരിക്കുന്നത് എന്നാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് മാറ്റി ഉടയമുടെ ശരിയായ നമ്പര്‍ നല്‍കാത്തതാണ് കാര്യങ്ങള്‍ കോടതി നടപടികളിലെത്തിക്കുന്നത്.

പരിവാഹനന്‍ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ മാറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വീസ് എന്നതിന് കീഴിലായി വെഹിക്കിള്‍ റിലേറ്റര്‍ സര്‍വീസ് എന്ന് വിഭാഗത്തില്‍ അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്നതില്‍ അമര്‍ത്തി വാഹനത്തിന്റെ എന്‍ജിന്‍ നമ്പറും ചെയ്‌സിസ് നമ്പറും നല്‍കിയാല്‍ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും.

സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനമാണ് ഇ ചലാന്‍. വാഹന്‍, സാരഥി എന്നീ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍പ്രവര്‍ത്തിക്കുന്നത്. റോഡ് നിയമലംഘനത്തിനുള്ള പിഴ ഓണ്‍ലൈനായോ എടിഎം കാര്‍ഡ് വഴിയോ അടയ്ക്കാം. വാഹനത്തിനെതിരെയൊ ഡ്രൈവര്‍ക്കെതിരെയൊ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ രാജ്യവ്യാപകമായി ദൃശ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. കൂടാതെ ആപ്ലിക്കേഷനില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോര്‍ഡ് ചെയ്യപ്പെടും. രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങളും പരിശോധനാ വേളയില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇതോടെ വ്യാജ ലൈസന്‍സും വ്യാജ നമ്പര്‍ പ്ലേറ്റും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ പിടിയിലാകും.

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാഹനത്തിന്റെ ഉടമസ്ഥനും വാഹനം ഓടിച്ചയാള്‍ക്കും മൊബൈലില്‍ മെസേജ് ലഭിക്കും. അതില്‍ കാണിച്ചിരിക്കുന്ന ലിങ്കില്‍ കയറി പിഴ അടയ്ക്കാം. നിശ്ചിത ദിവസം കഴിഞ്ഞും പിഴയടച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ ബ്ലോക്ക് രേഖപ്പെടുത്തും. പിന്നീട് ഉടമസ്ഥനും വാഹനം ഓടിച്ചയാളും ആര്‍ടിഒ ഓഫിസില്‍ നേരിട്ടെത്തണം. അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കാന്‍ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങള്‍ ഇതോടെ ഇല്ലാതായി. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും പിഴയടക്കാനും സാധിക്കുകയും ചെയ്യും.
സ്‌പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല

സ്‌പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല. നിയമോപദേശം തേടിയതിനു ശേഷമേ അടയ്ക്കൂ എന്ന നിലപാടാണെങ്കില്‍ അങ്ങനെയും ആകാം. നേരിട്ട് പരിവാഹന്‍ സൈറ്റില്‍ കയറി പിഴ ഒടുക്കാം. അല്ലെങ്കില്‍ ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ച്ചെന്ന് അവരുടെ സഹായത്തോടെ ഓണ്‍ലൈനായി പിഴയൊടുക്കാം. ആര്‍.ടി.ഒ ഓഫിസുകളില്‍ ഇ-സേവ കേന്ദ്രമുണ്ട്. അവിടെയും അടയ്ക്കാം. ഒഫന്‍സ് വ്യക്തമാക്കുന്ന ചിത്രം നിങ്ങളുടേതോ നിങ്ങളുടെ വാഹനത്തിന്റേതോ അല്ലെങ്കില്‍, അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍.ടി.ഒയെ നേരിട്ടു സമീപിക്കാം. 14 ദിവസം മുതല്‍ ഒരു മാസം വരെ മോട്ടോര്‍ വാഹന വകുപ്പ് പിഴയൊടുക്കുന്നതിന് അനുവദിക്കും. അതിനുശേഷം കേസ് വിര്‍ച്വല്‍ കോടതിയിലേക്ക് വിടും. നിലവില്‍ എറണാകുളത്ത് മാത്രമേ വിര്‍ച്വല്‍ കോടതിയുള്ളൂ. കോടതിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് വാഹന ഉടമയ്ക്ക് നല്‍കും. പിന്നീട് അവിടെ നിന്ന് കേസ് ഈ കുറ്റകൃത്യം എവിടെ വച്ചു സംഭവിച്ചുവോ ആ പരിധിയിലുള്ള കോടതിയിലേക്ക് വിടും.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: