X

ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും ജയില്‍ സുരക്ഷക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.ആര്‍.ബി സ്‌കോര്‍പിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, പീരുമേട്ടില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു പി.ടി. തോമസ് പറഞ്ഞു. ഇയാളെ 105 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. 25-ലധികം ഫോണുകള്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയും ജയിലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

chandrika: