X

റാം റഹിം സിങ്ങ് കേസ് വിധി ഇന്ന്; പഞ്ചാബിലും ഹരിയാനയിലും കനത്ത ജാഗ്രത

ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി.

റാം റഹിം സിങിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ ആയിരങ്ങളാണ് പഞ്ചഗുളയിലെത്തിയിട്ടുള്ളത്. അക്രമങ്ങളെ നേരിടുന്നതിനായി 5000ത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പഞ്ചാബിലും ഹരിയാനയിലും ക്രമസമാധാന പാലനത്തിനായി സൈനിക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചഗുളയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 28വരെ അടച്ചിടും. കൂടാതെ പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും മരവിപ്പിച്ചിട്ടുണ്ട്.

പഞ്ചാബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ ഓഫീസുകള്‍ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എച്ച്ആര്‍ടിസി) അയല്‍ സംസ്ഥാനങ്ങളിലെ 150ഓളം റൂട്ടുകളിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പിന്‍വലിച്ചു. എന്നാല്‍ റഹിം സിങിന്റെ അനുയായികള്‍ ലളിതമായി ജീവിക്കുന്നവരും സാധാരണക്കാരുമാണെന്ന് ഹരിയാനയിലെ ബിജെപി മന്ത്രി റാം ബിലാസ് പറഞ്ഞു. അവര്‍ നിയമം കയ്യിലെടുക്കുകയോ ക്രമസമാധാനം തകര്‍ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: