മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 16കാരന്‍ ഇളയ സഹോദരനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഖേദ ജില്ലയില്‍ ഈമാസം 23നായിരുന്നു സംഭവം.
കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം അനിയനെ കിണറ്റില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഊഴം അനുസരിച്ച് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങള്‍. തന്റെ ഊഴമായിട്ടും അനിയന്‍ മൊബൈല്‍ തരാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതിന്റെ ദേഷ്യത്തില്‍ 16കാരന്‍ അനിയന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കല്ലുകെട്ടി തൊട്ടടുത്ത കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശികളായ കുടുംബം കൃഷിപ്പണിക്കായാണ് ഗുജറാത്തിലെത്തിയത്. സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസില്‍ കയറി 16കാരന്‍ രാജസ്ഥാനിലേക്ക് പോയി.
കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ മൂത്തമകന്‍ രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കുട്ടിയെ തിരിച്ചെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.