ഇന്ത്യയില്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ കൂട്ടാനൊരുങ്ങി മുന്‍നിര ടെലികോം സേവനദാതാക്കള്‍. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടില്ലെന്ന് പറഞ്ഞിരുന്ന സേവനദാതാക്കളാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്.
10-25 ശതമാനം വരെ ടെലികോം സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.
ഇപ്പോള്‍ അച്ഛനും അമ്മയും രണ്ടു മക്കളും ഉള്ള വീട്ടില്‍ ദിവസം ഒരു ജി.ബി. ഡേറ്റ കണക്കില്‍ 28 ദിവസത്തേക്ക് റീചാര്‍ജ് ചെയ്യാനായി മാത്രം ചുരുങ്ങിയത് 1,000 രൂപ നല്‍കണം. ശരാശരി 20 കിലോ അരിയുടെ വിലയാണ് ഫോണ്‍ റീചാര്‍ജിനായി ഒരു കുടുംബം ചിലവഴിക്കുന്നത്. ഇനിയും നിരക്ക് വര്‍ധിച്ചാല്‍ മാസം ഒരു കുടുംബം 200-300 രൂപ വരെ അധികം മുടക്കേണ്ടി വരും. അതേസമയം 5ജി സേവനങ്ങള്‍ക്ക് ഒരു കമ്ബനിയും ഇതുവരെ പ്രത്യേക നിരക്കുകള്‍ അവതരിപ്പിച്ചിട്ടില്ല.
ഇതിനിടെ കേരളത്തിലെ ഡേറ്റ ഉപയോഗം വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് കച്ചവടക്കാരും ടെലികോം വരിക്കാരും പറയുന്നത്. പലരും ദിവസേന രണ്ട് ജി.ബിയിലും കൂടുതല്‍ ഡാറ്റ ഉപോയോഗിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോം, ഗെയിം, യുട്യൂബ് എന്നിവയ്ക്കാണ് പ്രധാനമായും കൂടുതല്‍ ഡാറ്റ ചിലവഴിക്കുന്നത്. ഓരോ ദിവസവും ശരാശരി 3-4 ജി.ബി. വരെ ഉപയോഗിക്കുന്നവരുണ്ട്.
സൗജന്യ കോളിനും ഒരു ദിവസം രണ്ട് ജി.ബി. ഡേറ്റയ്ക്കുമായി 31 ദിവസത്തേക്ക് 319 രൂപയാണ് വോഡഫോണ്‍ ഐഡിയ ഈടാക്കുന്നത്. 28 ദിവസത്തേക്ക് ജിയോയും എയര്‍ടെലും 299 രൂപയുമാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇപ്പോഴുള്ളതില്‍ നിന്ന് 30-50 രൂപയോളം അധികം നല്‍കേണ്ടി വരും. 5ജി നിരക്കാണെങ്കില്‍ ഇതിലും കൂടും. അതേസമയം, ബി.എസ്.എന്‍.എല്‍. 28 ദിവസത്തേക്ക് 184 രൂപയ്ക്ക് പരിധി ഇല്ലാതെ കോളും ഡേറ്റയും നല്‍കുന്നുണ്ട്. എന്നാല്‍, ദിവസം ഡേറ്റ ഉപയോഗം ഒരു ജി.ബി. കഴിഞ്ഞാല്‍ ഡേറ്റ വേഗം കുറയും.