ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കര്‍ഷകനെ കൊന്നതിന് പ്രതികാരമായി മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. വെസ്റ്റ് പപുവ സ്റ്റേറ്റിലാണ് ദാരുണ സംഭവം. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ സംസ്‌കാരം കഴിഞ്ഞ ശേഷം രോഷാകുലരായ ജനക്കൂട്ടം മുതലകളെ ഒന്നിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുതല സംരക്ഷണ കേന്ദ്രത്തിന് സമീപം കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് സുഗിറ്റോ എന്ന കര്‍ഷകനുനേരെ ആക്രമണമുണ്ടായത്. കാലില്‍ കടിയേറ്റ സുഗിറ്റോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുതലയുടെ വാലിനെ കൊണ്ടുള്ള അടിയേറ്റ് മരിച്ചു. നൂറോളം നാട്ടുകാരാണ് സംരക്ഷണ കേന്ദ്രത്തിലെത്തി മുന്നൂറോളം മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. രണ്ട് മീറ്ററോളം വരുന്ന മുതലകളും കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയില്‍ പെടും. കത്തികള്‍ ഉപയോഗിച്ചാണ് ജനക്കൂട്ടം മുതലകളെ കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന മുതല സംരക്ഷണ കേന്ദ്രത്തിന് ലൈസന്‍സുണ്ട്. മുതലകളെ കൊന്ന് കൂട്ടിയിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ഇന്തോനേഷ്യയില്‍ മുതലകളുടെ ആക്രമണത്തില്‍ മുമ്പും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഒരാളെ കൊലപ്പെടുത്തിയ മുതലയെ വെടിവെച്ചു കൊന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു റഷ്യന്‍ വിനോദ സഞ്ചാരിയും മരിച്ചു.