- കമല്ഹാസന് പിന്തുണയുമായി പ്രകാശ് രാജ്
- കമല്‍ഹാസനെതിരെ സംഘ്പരിവാര്‍ പരാതിയില്‍ കേസ്
ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്റെ അഭിപ്രായത്തിന് പിന്തുണയുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. മതത്തിന്റെയും, സംസ്‌കാരത്തിന്റേയും പേരില്‍ ആളുകളില്‍ ഭയം സൃഷ്ടിക്കുന്നത് ഭീകരവാദമല്ലാതെ മറ്റെന്താണെന്ന് പ്രകാശ് രാജ് ചോദിച്ചു.
യുവ ദമ്പതികളെ ധാര്‍മികതയുടെ പേരില്‍ എന്റെ രാജ്യത്തിന്റെ തെരുവില്‍ കൈകാര്യം ചെയ്യുന്നത് ഭീകരവാദമല്ലേ?, ഗോവധമെന്ന നേരിയ സംശയത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നത് ഭീകരവാദമല്ലേ?, നേരിയ എതിരഭിപ്രായം പ്രകടിപ്പിച്ചാല്‍ പോലും അതിന്റെ പേരില്‍ ഭീഷണി, നിശബ്ദമാക്കല്‍ എന്നിവ ഭീകരവാദമല്ലേ?,
ഇതൊന്നും ഭീകരവാദമല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരവാദമെന്നും പൊതു പരിഗണനക്കു വേണ്ടി എന്ന പേരില്‍ ട്വിറ്ററില്‍ കുറിച്ച ട്വീറ്റില്‍ പ്രകാശ് രാജ് ചോദിക്കുന്നു.നേരത്തെ ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ നിശിതമായി പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. അഞ്ച് ദേശീയ അവാര്‍ഡ് നേടിയ തന്നെക്കാളും വലിയ അഭിനേതാവാണ് മോദിയെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. പല ഹിന്ദു തീവ്രവാദ വിഭാഗങ്ങളും നേരത്തെ അക്രമങ്ങളില്‍ ഉള്‍പ്പെടാതെ വാദിക്കുകയായിരുന്നെങ്കില്‍ ഇന്ന് മാര്‍ഗം മാറ്റിയതായി കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഹിന്ദു എന്നു സ്വയം വിളിച്ച് തീവ്രവാദം നടപ്പിലാക്കുന്നവരുടേത് വിജയമോ പുരോഗതിയോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം കമലിന്റെ അഭിപ്രായം സങ്കുചിതവും, നിര്‍ലജ്ജവുമാണെന്നും എം.ജി.ആറിനെ അന്ധമായി പിന്തുടരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബി. ജെ.പി ആരോപിച്ചു. വരാണസിയില്‍ കമല്‍ഹാസനെതിരെ മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.