വീണ്ടും ആള്‍ക്കൂട്ട കൊല: മുസ്‌ലിം വയോധികനെ ജീവനോടെ കത്തിച്ചു
പറ്റ്‌ന: ഉത്തരേന്ത്യയില്‍വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിഹാറിലെ സീതാമാര്‍ഹിയില്‍ ദുര്‍ഗ പൂജക്കിടയിലുണ്ടായ സംഘര്‍ഷത്തിനിടെ സൈനുല്‍ അന്‍സാരിയെന്ന 80 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കത്തിച്ചു. കഴിഞ്ഞ മാസം ഇരുപതിന് നടന്ന സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചതോടെ വൈകിയാണ് പുറംലോകം അറിയുന്നത്. ദുര്‍ഗ പൂജക്കിടെ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ പ്രകോപനം സൃഷ്ടിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതോടെ ഒരു കൂട്ടമാളുകള്‍ പ്രദേശത്തുകൂടി കടന്നു പോവുകയായിരുന്ന എണ്‍പതുകാരനായ മുഹമ്മദ് അന്‍സാരിയെ അക്രമിച്ചു. മകളുടെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന അന്‍സാരിയെ റോഡില്‍ വെച്ച് വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. പിന്നീട് ജനമധ്യത്തില്‍ വെച്ച് പച്ചയ്ക്ക് കത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാണ് അന്‍സാരിയുടെ കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങള്‍ കണ്ടെടുക്കപ്പെടുന്നത്. ഇയാളെ കാണ്‍മാനില്ല എന്നായിരുന്നു പൊലീസ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. അന്‍സാരിയെ കത്തിക്കുന്നതിന്റെയും മര്‍ദ്ദിച്ചവശനാക്കുന്നതിന്റെയും ചിത്രങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ മേഖലയില്‍ പൊലീസ് ഇന്റര്‍നെറ്റ് ബന്ധങ്ങല്‍ വിഛേദിച്ചിരുന്നു. സംഘര്‍ഷത്തില്‍ അന്‍സാരി ഭാഗമായിരുന്നില്ലെന്നും ഇയാള്‍ പ്രദേശത്ത് എത്തിപ്പെട്ടപ്പോള്‍ ഒരു കൂട്ടം അയാള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സീതാമര്‍ഹി പൊലീസ് സുപ്രണ്ട് വികാശ് ബര്‍മന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റു ചെയ്തതായാണു വിവരം.