X
    Categories: MoreViews

ആള്‍ക്കൂട്ട ഭീകരതയുടെ ഇര ഉമര്‍ഖാന്റെ കുടുംബത്തിന് യുത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ സ്വാന്തനം

ഉമര്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനമാകുകയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായി വെടിയേറ്റ് മരിച്ച മുഹമ്മദ് ഉമര്‍ ഖാന്റെ കുടംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി 2 ലക്ഷം രൂപ ധനസഹായം നല്‍കും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി ഉമര്‍ ഖാന്റെ കുടുംബത്തിന് തുക കൈമാറും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്‌റഫലി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആസിഫ് അന്‍സാരി എന്നിവര്‍ പങ്കെടുക്കും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആള്‍വാറില്‍ പശുക്കടത്തുകാരന്‍ എന്നാരോപിച്ച് മുഹമ്മദ് ഉമര്‍ ഖാനെ ആള്‍ക്കൂട്ടം വെടിവച്ച് കൊലപ്പെടുത്തിയത്. മൃതശരീരം റെയില്‍വേ ട്രാക്കില്‍ വലിച്ചെറിയുകയായിരുന്നു. സംഭവം പുറത്ത് വന്ന ഉടനെ ദേശീയ യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രതിനിധി സംഘം കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.ആ വീട്ടില്‍ ആദ്യമെത്തിയത് യൂത്ത് ലീഗിന്റെ പ്രതിനിധി സംഘമായിരുന്നു. എട്ട് മക്കളും, വിധവയായ ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നമുക്ക് ബോധ്യപ്പെടുകയായിരുന്നു. ഈ ധനസഹായം കൊണ്ട് അവസാനിക്കുന്നില്ല നമുക്കാ കുടുംബത്തോടുള്ള പ്രതിബദ്ധത. അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് രാജസ്ഥാനിലെ വസുന്ധര രാജ സിന്ധെ ഗവര്‍മെണ്ട് സ്വീകരിക്കുന്നത്. നീതി ലഭിക്കാന്‍ നിയമ വഴിയിലുള്ള പോരാട്ടത്തിലും ആ കുടുംബത്തിന്റെ കൂടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഉണ്ടാകും.
നാഷണല്‍ ഗ്രീന്‍ പവര്‍,  ഖത്തര്‍ ഓപ്പണ്‍ ഫോറം
എന്നീ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെയും, മറ്റ് ചില ഗുണകാംക്ഷികളുടെയും സഹകരണത്തോടെയാണ് തുക സമാഹരിച്ചത്.ഇതിനു വേണ്ടി സാമ്പത്തികമായി സഹായിച്ച എല്ലാവര്‍ക്കും നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും യുത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

chandrika: