അസം: ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥ് സ്വദേശി ഷൗക്കത്ത് അലിയെയാണ് ഒരു വിഭാഗം ആള്‍ക്കൂട്ടം ക്രൂരമായി കൈയേറ്റം ചെയ്തത്. ഷൗക്കത്ത് അലിയെ പന്നിമാംസം തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോ എന്നും ചോദിക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
ബീഫ് വിറ്റുവെന്ന് ആരോപിച്ചാണ് ഒരു സംഘം വൃദ്ധന് നേരെ ആക്രമണം നടത്തിയത്. ബംഗ്ലാദേശിയാണോയെന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും മര്‍ദ്ദനത്തിനിടെ ആള്‍ക്കൂട്ടം ചോദിക്കുന്നത് പുറത്ത് വന്ന വിഡിയോയിലുണ്ട്. ഷൗക്കത്ത് അലിയെ അക്രമണം നടത്തിയവര്‍ ഭീഷണിപ്പെടുത്തി പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. ഇത് വലിയ വിവാദമായിരിക്കെയാണ് ഈ ആക്രമണം.