തിരുവനന്തപുരം: വിവാദങ്ങളുടെ മലയിറക്കത്തിലൂടെയാണ് ഹൈറേഞ്ചിന്റെ മണിയാശാന്‍ എന്ന എം.എം മണി കേരള രാഷ്ട്രീയത്തില്‍ സജീവമായത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും പ്രതിയോഗികളെ ഓര്‍മ്മിപ്പിക്കുന്നതാണ് മണിയാശാന്റെ ശൈലി. കേസുകളും കോടതിയുമൊന്നും ആശാന് പുത്തരിയുമല്ല.
തനിനാടന്‍ പദങ്ങളെ രാഷ്ട്രീയ പരിഹാസത്തിന് ആയുധമാക്കിയ മുണ്ടയ്ക്കല്‍ മാധവന്‍ മണി മന്ത്രിസഭയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതം. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മണിയുടെ പേര് നിര്‍ദേശിക്കുന്നതു വരെ മന്ത്രിയാകുമെന്ന ഒരു പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കാലത്ത് വി.എസ് അച്യുതാനന്ദന്റെ അടുത്ത അനുയായി ആയിരുന്ന മണി, കരിംപൂച്ചകളുമായി വി.എസ് മൂന്നാര്‍ ഒഴിപ്പിക്കാന്‍ എത്തിയതോടെയാണ് പിണറായി പക്ഷത്തേക്ക് കുടിയേറിയത്. മണിയാശാന്റെ സഹോദരന്‍ ലംബോദരന്‍ ഉള്‍പെടെയുള്ളവരുടെ കൈയേറ്റ ഭൂമിയില്‍ വി.എസിന്റെ ജെ.സി.ബി കയറിയതോടെയാണ് മണി കളംമാറിയതെന്ന് വി.എസ് അനുകൂലികള്‍ അന്ന് ആക്ഷേപിച്ചിരുന്നു.
സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചെറുത്തുനില്‍പ്പിന് പിണറായിക്കൊപ്പം മണിയുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ ‘വണ്‍, ടു, ത്രീ, ഫോര്‍’ പ്രസംഗത്തിലൂടെ അദ്ദേഹം കുപ്രസിദ്ധനാവുകയും ചെയ്തു. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്‌തെന്ന മണക്കാട് പ്രസംഗത്തിലെ വെളിപ്പെടുത്തലാണ് മണിയെ കേസില്‍ കുടുക്കിയത്. ‘വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു” എന്നായിരുന്നു മണിയുടെ പ്രസംഗം. ഇതിന്റെ പേരില്‍ ജയില്‍വാസം വരെ നേരിടേണ്ടിവന്നു. പിന്നീട് മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം നീക്കം ചെയ്തു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.സേനാപതി വേണുവിനെ 1,109 വോട്ടിന് തോല്‍പിച്ച് മണിയാശാന്‍ നിയമസഭയിലെത്തുകയായിരുന്നു. ഇപ്പോള്‍ പിണറായി മന്ത്രിസഭയിലിലെ മുതിര്‍ന്ന അംഗങ്ങളിലൊരാള്‍.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ മുണ്ടക്കല്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ ഒന്നാമനായി 1945ലാണ് മണിയുടെ ജനനം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പഠനം നിര്‍ത്തി അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം കൂലിപ്പണിക്കിറങ്ങി. പിന്നീട് ഹൈറേഞ്ചില്‍ കര്‍ഷക തൊഴിലാളി നേതാവായി. 1966ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970ല്‍ ബൈസണ്‍ വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറി, 1985 മുതല്‍ കാല്‍നൂറ്റാണ്ടിലേറെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി. 1996ല്‍ ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിലെ ഇ.എം അഗസ്തിയോട് തോറ്റു. 96 മുതല്‍ 2016വരെയുള്ള കാലം ഇടുക്കില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.