തിരുവനന്തപുരം: കൊച്ചി ശാന്തിവനസംരക്ഷണ പ്രവര്‍ത്തകര്‍ വൈദ്യുതിമന്ത്രി എം.എം മണിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിറുത്തിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്കകള്‍ അറിയിക്കാന്‍ വൈകിയെന്ന് മന്ത്രി ശാന്തിവനം സംരക്ഷണ സമിതിയെ അറിയിച്ചു. ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്നും എന്നാല്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു. ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്. ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോന്‍ പറഞ്ഞു. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങള്‍ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ കുസുമം ജോസഫ് വ്യക്തമാക്കി.