X

അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി; 70ശതമാനവും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്

കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും മണി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. കേന്ദ്രം അതിരപ്പിള്ളിക്കായി നല്‍കിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന് 6000 കോടി രൂപയില്‍ അധികം ബാധ്യതയുണ്ട്. നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി വകുപ്പ് കടന്നുപോകുന്നത്. 70ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ്. ഇക്കുറി ഡാമുകളില്‍ വെള്ളമില്ല, മഴയുമില്ല. അതുകൊണ്ട് ഉല്‍പ്പാദനം എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനിര്‍ത്തിവെച്ചിരുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ പദ്ധതി നടപ്പിലാക്കുമെന്ന പിണറായി വിജയന്റെ നിലപാടിനെ തള്ളി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പദ്ധതി ഏറ്റുപിടിച്ച് മണി രംഗത്തെത്തുന്നത്.

chandrika: