കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എം.എ ലോറന്‍സ്. ബിനീഷ് ഗുണ്ടയും തെമ്മാടിയുമാണെന്ന് ലോറന്‍സ് മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പണത്തോടുള്ള ആര്‍ത്തിയാണ് ഇങ്ങനെ ആക്കിയതെന്നും ലോറന്‍സ് പ്രതികരിച്ചു
‘ബിനീഷിനെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം. വളരെ മര്യാദക്കാരനും സുമുഖനുമായിരുന്നു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ സ്ഥിതിയൊക്കെ മാറി. പിന്നീട് ഗുണ്ടയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അച്ഛന്‍ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പണം സമ്പാദിക്കാനുള്ള മോഹം, ഇതിന് വളഞ്ഞ വഴി സ്വീകരിക്കുന്നു. പണം സമ്പാദിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. മകന്‍ ചെയ്ത തെറ്റിന് പിതാവിനെ എന്തിന് കുറ്റപ്പെടുത്തണമെന്നും എം.എം ലോറന്‍സ് ചോദിച്ചു.
സിപിഎമ്മിലെ ചിലര്‍ സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നു. പദവികള്‍ ദുരുപയോഗം ചെയ്യുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ആത്മപരിശോധന നടത്തി തെറ്റുതിരുത്താന്‍ തയ്യാറാവണം. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയ്യാറാണെന്ന ഇഎംഎസിന്റെ നിലപാട് ഇപ്പോഴത്തെ പല നേതാക്കള്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ആദ്യമായാണ് ഒരു സിപിഎം നേതാവ് രംഗത്ത് വരുന്നത്. നേരത്തെ എം.എ ബേബി പരോക്ഷമായി ബിനീഷിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ബിനീഷ് ശുദ്ധനാണെന്നായിരുന്നു എ.എന്‍ ഷംസീര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.