അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹര്‍ജിയില്‍ തീരുമാനം പെട്ടന്ന് ഉണ്ടാകുമെന്ന് കോടതി പറഞ്ഞു.
എം എം ലോറന്‍സിന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് മകള്‍ ആശ ലോറന്‍സ് ഹര്‍ജി സമര്‍പ്പിച്ചത്.
മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആശ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അവര്‍ വാദിച്ചു. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും അവര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് പറഞ്ഞു.
അതേസമയം ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് സഹോദരന്‍ സജീവന്‍ ആരോപിച്ചു. ഹര്‍ജി കൊടുപ്പിച്ചത് ബിജെപിക്കാരാണെന്നും മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.