X

തൊഴിലാളി പാര്‍ട്ടി ഇപ്പോള്‍ കൊലയാളി പാര്‍ട്ടിയായെന്ന് എംഎം ഹസന്‍

തൊഴിലാളികളുടെ പാര്‍ട്ടിയായിരുന്ന സിപിഎം ഇന്നു കൊലയാളികളുടെ പാര്‍ട്ടിയായി അധഃപതിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

കൊലയാളികള്‍ക്ക് പാര്‍ട്ടി നല്‍കുന്ന സംരക്ഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് നിയമവിരുദ്ധമായി നല്‍കിയ ഒരുമാസത്തെ പരോള്‍. മനുഷ്യവകാശ കമ്മീഷനും ജയില്‍ ഡിജിപിയുമൊക്കെ സിപിഎമ്മിന്റെ ചട്ടുകമായി കൊലയാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. കൊടി സുനിക്കു നല്‍കിയ പരോള്‍ റദ്ദാക്കാന്‍ നിയമപോരാട്ടം നടത്തുന്ന കെകെ രമ എംഎല്‍എയ്ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ട്.

അതീവ സുരക്ഷയുള്ള ജയിലില്‍ കലാപം നടത്തിയതിനും സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയതിലും ജയിലില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിച്ചതിനുമൊക്കെ കൊടി സുനിയുടെ പേരില്‍ കേസുകളുണ്ട്. കൊടും ക്രിമിനലായ ആള്‍ക്കാണ് പരോള്‍ അനുവദിച്ചത്. കൊടിസുനിയും സംഘവും 51 വെട്ടുവെട്ടി കൊന്ന ചന്ദ്രശേഖരിനും കുടുംബവും മാതാപിതാക്കളും മനുഷ്യാവകാശവുമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സ്മരിക്കണമെന്ന് ഹസന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസിലെ സിപിഎം പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സുപ്രിംകോടതിയില്‍ വരെ പോയി കേസ് നടത്തിയ മുഖ്യമന്ത്രി കൊലയാളികളുടെ നേതാവായി മാറിയെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

 

webdesk17: