X

എം.എം അക്ബറിനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തിച്ചു

കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍ നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ യാദൃശ്ചികമായി ഇറങ്ങിയപ്പോള്‍ ഹൈദരാബാദ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

എറണകുളം നോര്‍ത്ത് എസ്‌ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്‍ ഹാജരാക്കും.  ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്‍ ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്‍ ദേശവിരുദ്ധവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠഭാഗങ്ങള്‍ ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 2016ല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്‍ വിദേശത്തായതിനാല്‍ വിവിധ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്‍, അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തിയതിന് സെക്ഷന്‍ 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്‍ പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് എം.എം അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

പീസ് സ്‌കൂളില്‍ നേരത്തേ അധ്യാപകരായിരുന്ന ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്‍ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്‍ കേരളത്തില്‍ മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്‍ സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്‍ത്തിക്കുന്നത്.

chandrika: