X
    Categories: ArticleMore

ഇസ്‌ലാം വിമര്‍ശകന്റെ പതനംകണ്ട സംവാദം

ഡോ. അബ്ദുല്ല ബാസില്‍ സി.പി

കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകനാണ് ഇ.എ ജബ്ബാര്‍. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്‍ശനരംഗത്ത് സജീവമാണ് അദ്ദേഹം. ‘ഖുര്‍ആനിലെ അബദ്ധങ്ങള്‍, അശാസ്ത്രീയതകള്‍, അധാര്‍മികതകള്‍, പ്രവാചകന്റെ വിവാഹം, യുദ്ധം…’ എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്‍ പറയാം. മതപണ്ഡിതര്‍ക്കും ഇസ്‌ലാമിക പ്രബോധകര്‍ക്കുമൊന്നും ഖുര്‍ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്‍ മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്‍ നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്‍ വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.
ഖുര്‍ആനില്‍ അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്‍ താന്‍ ഇസ്‌ലാം വിമര്‍ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്‍ തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്‍ താന്‍ ഒരുക്കമാണെന്നും താന്‍ പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്‍ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ അത്തരം ഒരു പാനല്‍ ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു. സംവാദ സംഘാടകര്‍ കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്‍ യാതൊരു മാറ്റവും വരുത്താന്‍ യുക്തിവാദി സംഘം തയാറായില്ല. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.
സംവാദവേദിയില്‍ ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്‍ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്‍ അവതരണത്തില്‍ പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്‍ പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്‍ ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തിലെ വിമര്‍ശനങ്ങളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്‍ ശ്രമിച്ചത്.
എം.എം അക്ബറിന്റെ വിഷയാവതരണത്തില്‍ ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്‍ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്‍ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്‍ നടത്തിയ പ്രസന്റേഷന്‍ മുസ്‌ലിംകള്‍ക്ക് ഇല്ലാത്ത വാദം അവരുടെമേല്‍ വെച്ചുകെട്ടി മറുപടി പറയല്‍ മാത്രമാണെന്നും അക്ബര്‍ വാദിച്ചു.
അതിന് ശേഷം തന്നെ ഏല്‍പ്പിക്കപ്പെട്ട ദൗത്യം ഖുര്‍ആനില്‍ നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്‍ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്‍ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്‍പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്‍ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്‍ സ്വന്തം വകയില്‍ അര്‍ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്‍ എതിര്‍ സംവാദകനോ മറ്റുള്ളവര്‍ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്‍ അടങ്ങിയ ലക്‌സിക്കോണുകള്‍ മേശപ്പുറത്ത് സമര്‍പ്പിക്കുകയും ശേഷം ഖുര്‍ആന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്‍ വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്‍ മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്‍ എതിര്‍ സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്‍ നാല്പത് മിനുട്ടില്‍ വിഷയാവതരണം അവസാനിപ്പിച്ചപ്പോള്‍ എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.
അക്ബര്‍ ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്‍ ആറാം നൂറ്റാണ്ടിലുള്ളവര്‍ക്ക് അറിവുണ്ടെന്നോ സമര്‍ത്ഥിക്കാന്‍ ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്‍ കാത്തിരുന്ന സദസ്സിനെ പൂര്‍ണ നിരാശയിലേക്ക് തള്ളിവിട്ടു ‘അക്ബര്‍ ഉദ്ധരിച്ചതിന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്‍ ചെയ്യാം’ എന്നു പറഞ്ഞ് താന്‍ നേരത്തെ പ്രദര്‍ശിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടരുകയായിരുന്നു അദ്ദേഹം! നേര്‍ക്കുനേര്‍ സംവാദവേദിയില്‍ എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്‍പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്‍തന്നെ കാണാന്‍ സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്‍ ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്‍ പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്‍പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!
തന്റെ ഒന്നാം ഖണ്ഡന വേളയില്‍ എം.എം അക്ബര്‍ വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍തന്നെ തയാറായപ്പോള്‍ തെളിവുകളും രേഖകളും ഉന്നയിക്കാന്‍ കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്‍ശന സൈറ്റുകളില്‍ ഉള്ളത് അപ്പടി വിഴുങ്ങാന്‍ മാത്രമറിയാവുന്ന എതിര്‍ സംവാദകന്‍ ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്‍ തിരിച്ചറിയുകയായിരുന്നു.
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്‍ ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റില്‍ കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്‍ ശ്രമിച്ചു ഇ.എ ജബ്ബാര്‍. ബൈബിളില്‍ തിരമാല, അഴക്കടല്‍ എന്നീ പദങ്ങള്‍ ഒരുമിച്ച് ഒരു വാചകത്തില്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്‍ആനില്‍ മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്‍ ശ്രമിച്ചു അദ്ദേഹം. എന്നാല്‍ ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്‍ വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്‍ ഖുര്‍ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്‍ എന്നുമുള്ള പദങ്ങള്‍ ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്‍ പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.
ഇത്രയും കാലം കേരളത്തില്‍ ഖുര്‍ആനിനെ പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്‍ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്‍ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ജീവിതം ഒഴിഞ്ഞുവെച്ചവര്‍ക്ക് ഖുര്‍ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്‍ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്‍ കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്‍ പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. ‘ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്‍ വികാരം മാത്രമാണ്’ എന്നായിരുന്നു അക്ബര്‍ അതിനോട് പ്രതികരിച്ചത്.
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: