X

പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ച് മലപ്പുറം കേരളബാങ്ക്

അനീഷ് ചാലിയാര്‍

മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി. പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ക്യാഷ് ക്രിഡിറ്റ് ഷെയര്‍ ലിങ്ക്ട് സ്‌പെഷ്യല്‍ ഗോള്‍ഡ് വായ്പാ പദ്ധതി പ്രകാരം 4.5 ശതമാനം പലിശക്ക് അനുവദിച്ച വായ്പകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് ശതമാനം നിരക്കിലായിരിക്കുമെന്ന് കാണിച്ച് എല്ലാ പ്രാഥമികസംഘം സെക്രട്ടറിമാര്‍ക്കും കേരള ബാങ്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കത്തയച്ചു.
ജില്ലാ ബാങ്ക് നിക്ഷേപകര്‍ക്കും അംഗസംഘങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുകയും വായ്പകള്‍ക്കുള്ള പലിശ നിരക്കുകള്‍ നിര്‍ബന്ധിത ലയനത്തിന് ശേഷം കേരള ബാങ്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പാ പലിശ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്.
എം.ഡി.സി ബാങ്കായിരുന്നകാലത്ത് നിക്ഷേപകര്‍ക്ക് 7.25 ശതമാനമായിരുന്നു വായ്പകളുടെ പലിശ നിരക്ക് കേരള ബാങ്ക് 9.75 ആക്കി വര്‍ധിപ്പിച്ചിരുന്നു. സ്വര്‍ണപ്പണയ വായ്പയും ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ നടപ്പാക്കിയിരുന്ന സ്വപ്‌നക്കൂട് ഭവന വായ്പാപദ്ധതിയും നിര്‍ത്തലാക്കി. സ്റ്റേറ്റ്‌മെന്റ്, പണം എണ്ണിതിട്ടപ്പെടുത്തല്‍, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയവക്ക് എം.ഡി. സി ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നില്ല.
എന്നാല്‍ ഈ സേവനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കേരള ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലുള്ള അംഗ സംഘങ്ങള്‍ക്കും നിക്ഷേപകര്‍ക്കും കേരള ബാങ്ക് ഒരു നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 12നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം എം.ഡി.സി ബാങ്ക് 12 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. അതേ സമയം നിര്‍ബന്ധിത ലയനം എതിര്‍ത്തുള്ള എം.ഡി. സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിര്‍ബന്ധിത ലയനം കേന്ദ്രനിയമങ്ങള്‍ക്ക് എതിരാണെന്നും അസാധുവാക്കണമെന്നും ആര്‍.ബി.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനിടയിലാണ് കേരളബാങ്ക് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളില്‍ നിന്ന് പലിശക്കൊള്ള നടത്തുന്നത്.

Chandrika Web: