യു.പി നിയമസഭയില്‍ എം.എല്‍.എമാര്‍ പാന്‍മസാല ചവച്ച് തുപ്പുന്നു; അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്പീക്കര്‍- വിഡിയോ

ഉത്തര്‍പ്രദേശില്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ പാന്‍മസാല ചവച്ച് സഭയില്‍ തുപ്പുന്ന സ്വഭാവം ഒഴിവാക്കണമെന്ന് സ്പീക്കര്‍ സതീഷ് മഹാന. സഭക്കുള്ളില്‍ പാന്‍മസാല തുപ്പിയതിന്റെ കറയുണ്ടായിരുന്നത് താന്‍ വൃത്തിയാക്കിപ്പിച്ചെന്നും ഇനി അങ്ങനെ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭക്കുള്ളില്‍ പാന്‍മസാല ഉപയോഗിക്കുകയും തറയില്‍ തുപ്പുകയും ചെയ്ത അംഗങ്ങള്‍ തന്നെ കണ്ട് കുറ്റസമ്മതം നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയുടെ പ്രവേശന കവാടത്തിലുള്‍പ്പെടെ പാന്‍മസാല ചവച്ച് തുപ്പിയ കറകളുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് രാവിലെ അസംബ്ലി സെഷന്‍ തുടങ്ങുന്നതിന് മുമ്പ് ഒരു എം.എല്‍.എ സഭാഹാളില്‍ പാന്‍മസാല ചവച്ച് തുപ്പുന്നത് താന്‍ വിഡിയോ ദൃശ്യങ്ങളില്‍ കണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. ഞാന്‍ അവിടെ നേരിട്ടെത്തി തുപ്പിയത് വൃത്തിയാക്കിപ്പിച്ചു. ആരാണ് അത് ചെയ്തതെന്ന് ഇപ്പോള്‍ പറയുന്നില്ല. നിയമസഭ വൃത്തിയായി സൂക്ഷിക്കുകയെന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

ഇന്ന് രാവിലെ സഭയില്‍ തുപ്പിയ എം.എല്‍.എ നേരിട്ട് കണ്ട് കുറ്റസമ്മതം നടത്തിയാല്‍ അത് സ്വീകരിക്കും. അല്ലാത്തപക്ഷം തക്കതായ നടപടി സ്വീകരിക്കേണ്ടിവരും സ്പീക്കര്‍ പറഞ്ഞു.

webdesk13:
whatsapp
line