തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന നേതൃത്വം കൈവിടുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ സി.പി.എം എംഎല്‍എ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എല്ലാത്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍ ഞങ്ങളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിച്ച് നല്‍കാവുന്നതല്ലെന്നും അദ്ദേഹം കുറിച്ചു. ഹേമ കമ്മിറ്റിയിലെ നിലപാടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ബിജെപി വിലയിരുത്തുമ്പോഴാണ് ഇടത് മുന്‍ എല്‍എല്‍എ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ഘടകം രംഗത്തു വന്നിരുന്നു. പാര്‍ട്ടി ഒരു നിലപാടെടുക്കുമ്പോള്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വ്യക്തി അതിനു വിരുദ്ധമായ നിലപാടും പ്രസ്താവനയുമിറക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു പ്രശ്‌ന കാരണം. ഇതുമൂലം കേന്ദ്രമന്ത്രിയെ പരസ്യമായി തള്ളേണ്ട സാഹചര്യം പാര്‍ട്ടിക്കുണ്ടാക്കിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാര്‍ട്ടിക്ക് ഒരു തീരുമാനവും കേന്ദ്ര മന്ത്രിക്ക് മറിച്ചൊന്നും എന്ന രീതിയിലാണ് നിലവില്‍ സുരേഷ് ഗോപിയുടെ പോക്ക്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുന്നത് സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും കെ സുരേന്ദ്രന്‍ ഒഴിഞ്ഞു മാറി.