കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ കസ്റ്റഡിയില്‍. കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്നാണ് ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.
ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് മൃദംഗ വിഷന്‍ സിഇഒയെ കസ്റ്റഡിയിലെടുത്തത്.
കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞത്. സ്റ്റേജ് നിര്‍മ്മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്‌നി ശമന സേനയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റസും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.