X

എം.എല്‍.എ സ്ഥാനവും രാജിവെയ്ക്കണം-എഡിറ്റോറിയല്‍

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്‍. ഭരണഘടനയേയും ഭരണഘടനാ ശില്‍പികളേയും അവഹേളിക്കുന്ന രീതിയില്‍ സി. പി.എം വേദിയില്‍ പ്രസംഗിച്ച മന്ത്രിയ്ക്കു മുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. നിയമപരമായി അനിവാര്യമായിരുന്ന രാജി നീട്ടി കൊണ്ടു പോകാനായി പാര്‍ട്ടിയും സജി ചെറിയാനും ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നര ദിവസത്തിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ എന്തിന് രാജിവെക്കണമെന്ന് ചോദിച്ച മന്ത്രി മണിക്കൂറുകള്‍ക്കകം രാജിവെക്കേണ്ടി വന്നത് മറ്റു പോംവഴികളില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്. പ്രതിപക്ഷ സമ്മര്‍ദ്ദവും ഭരണകക്ഷിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും കൈ ഒഴിഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ട സജി ചെറിയാന് പിന്നീട് അവശേഷിച്ച ഏക കച്ചിത്തുരുമ്പ് മുഖ്യമന്ത്രി മാത്രമായിരുന്നു. സ്വര്‍ണക്കടത്തില്‍ കഴുത്തോളം ആരോപണത്തില്‍ മുങ്ങിയ മുഖ്യന്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഭരണഘടന വിരുദ്ധ സമീപനത്തെ പിന്തുണച്ചാല്‍ പണി പാളുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം കൂടി തേടുകയായിരുന്നു. പതിവായി പറയാറുള്ള വീഴ്ച, നാക്കുപിഴ, ശ്രദ്ധക്കുറവ് ന്യായീകരണങ്ങളൊന്നും തുണയാകാതെ വന്നതും ഇക്കാരണത്താല്‍ തന്നെയാണ്.

ഇടത് കണ്‍വീനര്‍ ഇ.പി ജയരാജനും എം.എ ബേബി അടക്കമുള്ളവരും സജി ചെറിയാന് പിന്തുണയുമായി ന്യായീകരണം തീര്‍ത്തെങ്കിലും അകപ്പെട്ട പ്രതിസന്ധി നിയമോപദേശത്തിലൂടെ വ്യക്തമായതോടെ അവസാന വഴിയും അടഞ്ഞു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന ധാര്‍മിക വശം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കുകയാണെന്നാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപനത്തില്‍ അറിയിച്ചത്. എന്നാല്‍ ഈ ധാര്‍മികത മന്ത്രിസ്ഥാനത്തു തുടരുന്നതില്‍ മാത്രം മതിയോ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നതും ശരിയല്ല. ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍ എം.എല്‍.എ സ്ഥാനവും രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.

സി.പി.എമ്മിന്റെ ഭരണഘടനയ്ക്കും പാര്‍ട്ടി കോടതിയ്ക്കും മുകളിലാണ് ഇന്ത്യന്‍ ഭരണഘടനയെന്ന തിരിച്ചറിവ് ആ പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും ഉണ്ടാവേണ്ടതിന്റെ അനിവാര്യത കൂടിയാണ് സജി ചെറിയാന്റെ രാജി ഉയര്‍ത്തിക്കാണിക്കുന്നത്. നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എയായ ആള്‍ അതേ ഭരണഘടനയെ തന്നെയാണ് അവഹേളിച്ചത്. ഭരണഘടനയുടെ സ്ഥാപനങ്ങള്‍ വഴി, പ്രക്രിയകള്‍ വഴി എംഎല്‍എ ആയ ഒരുജനപ്രതിനിധിക്ക് ആ സ്ഥനത്തിരുന്നു കൊണ്ട് ഭരണഘടനയെ തള്ളിപ്പറയാന്‍ ധാര്‍മികാവകാശമില്ല. ഈ സാഹചര്യത്തില്‍ സജി ചെറിയാന്റെ എം.എല്‍.എ സ്ഥാനം എന്നത് വെറും സാങ്കേതികത്വം മാത്രമാണ്. ഇനിയും ഇതില്‍ കടിച്ചു തൂങ്ങാതെ രാജിവെക്കുന്നതാണ് ഉചിതം. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഐ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ ഭയം സിപിഎമ്മിനും ഉണ്ട്.

അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളൊന്നും സജി ചെറിയാനെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുന്നതും. കോടതിയില്‍ നിന്നും പരിരക്ഷ കിട്ടാത്ത പക്ഷം സജി ചെറിയാന്റെ മുന്നില്‍ വഴികള്‍ അടഞ്ഞു തന്നെ കിടിക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് സജി ചെറിയാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രി സ്ഥാനത്തിനൊപ്പം എം.എല്‍.എ സ്ഥാനം കൂടി സജി ചെറിയാന്‍ രാജിവെച്ചാല്‍ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിന് അത് കൂടുതല്‍ പ്രഹരമാവുമെന്നതിനാല്‍ സര്‍ക്കാറും പാര്‍ട്ടിയും ഇതിന് തയാറാവില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം ജനം സര്‍ക്കാറിനെതിരാണെന്ന് വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി നേരിടാനുള്ള ത്രാണി സര്‍ക്കാറിനില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. ഒരുമന്ത്രിയുടെ രാജിയിലേക്കുവരെ കാര്യങ്ങള്‍ നീങ്ങിയിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറാവാത്തത് അത്ഭുതമാണ്.

മുഖ്യമന്ത്രിയോ പാര്‍ട്ടിയോ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനര്‍ഥം സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തെ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇപ്പോഴും തള്ളിപ്പറയുന്നില്ലെന്ന് തന്നെയാണ്. മന്ത്രിമാര്‍ തെറിക്കുന്നത് പിണറായിയുടെ ഭരണത്തില്‍ ഇതാദ്യമല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. പക്ഷേ ഇത്തവണത്തെ രാജി ഇന്നോളം യിരുന്നത് പേലെയല്ല. രാജ്യത്തി ന്റെ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലാണെന്നത് സര്‍ക്കാറിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റുകയാണ്.

Chandrika Web: