X

കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവര്‍; വര്‍ഗീയ പരാമര്‍ശവുമായി പിസി ജോര്‍ജ് എം.എല്‍.എ-വസ്തുതകള്‍ ഇങ്ങനെ

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങള്‍ മുസ്‌ളിംകള്‍ തട്ടിയെടുക്കുകയാണെന്ന രീതിയില്‍ ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിദ്വേഷപ്രസംഗം വിവാദമാകുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവരാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം ഒരേ സമുദായത്തിലുള്ളവരാണെന്നും ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്.

സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. എന്നാല്‍ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്, പി.സി ജോര്‍ജ് ചോദിച്ചു. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന്റെ കാരണമെന്ന് സഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകളില്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാലാ വി.സി നിയമനത്തില്‍ ഇടതുപക്ഷം ഡോ. ബി. ഇക്ബാലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ നിയമിച്ചതെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പാക്കിസ്ഥാനില്‍ ഭരണകൂടം തന്നെ എല്ലാവരെയും മുസ്ലീങ്ങളാക്കി മാറ്റിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളാക്കി മാറ്റിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രസംഗം വിവാദമായതോടെ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എവിടെ നിന്നാണ് ഈ കണക്കുകളെന്ന ചോദ്യത്തിനും പി സി ജോര്‍ജിന് മറുപടി ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒരു വിഭാഗത്തില്‍ മാത്രമുള്ളവരാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉദ്ദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് പി.സി ജോര്‍ജിന്റെ ന്യായീകരണം. തന്റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഈരാറ്റുപേട്ട സ്റ്റേഷനിലും പി.സി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് മുസ്ലിം വിസിയുള്ളത്. മന്ത്രി കെ.ടി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ വസ്തുത അങ്ങനെയല്ല. വീണ എന്‍ മാധവന്‍ ഐഎഎസ്, വിജയകുമാര്‍ ആര്‍, അജയന്‍ സി എന്നിവരാണ് അഡീഷണല്‍ സെക്രട്ടറിമാര്‍. തരുണ്‍ ലാല്‍ എസ്, ഹരികുമാര്‍ ജി ജോയിന്റ് സെക്രട്ടറിമാര്‍. ശ്രീകല എസ്, രാജേഷ്‌കുമാര്‍ കെ കെ, സ്വപ്‌ന പി, ബാലസുബ്രഹ്മണ്യന്‍ വി, ശ്രീദേവി ഇ എസ് അണ്ടര്‍ സെക്രട്ടറിമാര്‍.

ജയകുമാര്‍ ബി, രേഖ എസ്, ജോസ് എ, അനില്‍കുമാര്‍ ടി, പ്രിയദര്‍ശിനി മോഹന്‍ദാസ്, മനോജ് കുമാര്‍ എം. എസ്, സംഗീത എസ്, രാധാമണി അമ്മ ഒ, വിനീഷ് കുമാര്‍ ജി, രാകേഷ് എസ്. പി എന്നിവരാണ് സെക്ഷന്‍ ഓഫീസര്‍മാര്‍. വത്സല തപാല്‍ സെക്ഷന്‍ ഓഫിസ് സൂപ്രണ്ട്

സംസ്ഥാനത്ത് 14ല്‍ ഏഴ് കലക്ടമാരും മുസ്‌ലിംകളാണെന്ന പി.സി ജോര്‍ജിന്റെ വാദവും വ്യാജമാണ്. നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്‌ലിംകളുള്ളത്. കൊല്ലം (ബി അബ്ദുല്‍ നാസര്‍), പത്തനംതിട്ട (പി ബി നൂഹ്), തൃശൂര്‍ (എസ് ഷാനവാസ്), വയനാട് (ഡോ. അദീല അബ്ദുല്ല). ഇവരാരൊക്കെയും തങ്ങളുടെ പ്രവര്‍ത്തന മികവില്‍ കലക്ടര്‍മാരായവരാണ്. മുസ്ലിം ക്വാട്ടയില്‍ കലക്ടര്‍മാരായവരല്ല.

മാത്രമല്ല, ഇവരാരും മന്ത്രി ജലീലിന്റെ കീഴിലുമല്ല ജോലിചെയ്യുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലുള്ള കഴിഞ്ഞ നാലര വര്‍ഷവും 12 വൈസ് ചാന്‍സലര്‍മാരില്‍ ഒരാള്‍ പോലും മുസ്ലിം ആയിരുന്നില്ല. കഴിഞ്ഞ മാസം നിലവില്‍ വന്ന ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയിലാണ് ഏക മുസ്ലിം വിസിയെ നിയമിച്ചത്. അതും വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന്. അതേസമയം കേരളത്തിലെ എം.പിമാരില്‍ ലോക്സഭയില്‍ അഞ്ചും രാജ്യസഭയില്‍ രണ്ടും ഉള്‍പ്പെടെ ഏഴു പേര്‍ 18% മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നാണെന്നുള്ള കാര്യം പി.സി ജോര്‍ജ് മറച്ചുവെക്കുന്നു. 28 ശതമാനമുള്ള മുസ്ലിം സമുദായത്തില്‍ നിന്ന് ഇരുസഭകളിലുമായി ആകെയുള്ളത് 4 പേരാണെന്നതാണ് വസ്തുത.

 

chandrika: