ന്യൂഡല്‍ഹി: ട്യൂഷനുപോയ ശേഷം കാണാതായ 15കാരിയെ എംഎല്‍എയുടെ സഹായത്തോടെ കണ്ടെത്തി. ഡല്‍ഹിയിലെ രാജേന്ദര്‍ നഗറിലാണ് സംഭവം. സെപ്റ്റംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ കാണാതായത്. ട്യൂഷനു പോയ മകള്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് പിതാവ് അഭിഗ്യന് (പേര് യഥാര്‍ഥമല്ല) തോന്നി. രാജേന്ദര്‍ നഗറിലെ ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയി അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. അഭിഗ്യന്‍ അവളുടെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചു. ഒരാഴ്ചയിലേറെയായി പിന്നാലെ നടന്നയാളുമായി മകള്‍ പോയിട്ടുണ്ടെന്ന് അതില്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു.
പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തില്‍ വലിയ സഹായമെന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ‘മകളെ ബസില്‍ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെ, ഒരാള്‍ മകളെ ബസില്‍ ബിഹാറിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഞാന്‍ ഭയന്നുപോയി. ഇനിയും എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. മകളെ കണ്ടെത്താന്‍ രാജേന്ദര്‍ നഗര്‍ എംഎല്‍എ രാഘവ് ചദ്ദയുടെ ഓഫിസില്‍ സഹായം തേടി. എംഎല്‍എയുടെ ഓഫിസില്‍നിന്ന് ഉടനടി സഹായം ലഭിച്ചു. വിവരങ്ങള്‍ക്കായി എംഎല്‍എ തന്നെ എസ്എച്ച്ഒയെ ദിവസേന വിളിക്കാറുണ്ടായിരുന്നു’ – പിതാവ് പറഞ്ഞു.
കള്ളക്കടത്ത് വിരുദ്ധ എന്‍ജിഒ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 2ന് വൈകുന്നേരം, മകളെ കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അഭിഗ്യന് പൊലീസില്‍നിന്ന് ഫോണ്‍ കോള്‍ വന്നു. ഒക്ടോബര്‍ 3ന് മകളെ തിരിച്ചെത്തിച്ചു. മകളെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഭയത്തോടെ വിറയ്ക്കുകയായിരുവെന്ന് അഭിഗ്യാന്‍ പറഞ്ഞു.