തെലങ്കാനയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ആര്‍.എസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിറ്റിങ് എം.എല്‍.എ പാര്‍ട്ടി വിട്ടു. ബി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്. മകനെ സ്ഥാര്‍ഥിയാക്കാത്തതില്‍ ഹനുമന്ത റാവു ബി.ആര്‍.എസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തര്‍ക്കത്തിലായിരുന്നു.
ഞാന്‍ ഏത് പാര്‍ട്ടിയില്‍ പ്രവേശിക്കുമെന്ന് ഉടന്‍ അറിയിക്കും വീഡിയോ സന്ദേശത്തിലൂടെ ഹനുമന്ത റാവു പറഞ്ഞു. അതേ സമയം അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
തെലങ്കാന നിയമസഭയിലേക്കുള്ള ബി.ആര്‍.എസ് സ്ഥാനാര്‍ഥികളെ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. മേദക് മണ്ഡലത്തില്‍ തന്റെ മകന്‍ രോഹിത് റാവുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഹനുമന്ത നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി മറ്റൊരാളെയാണ് ഇവിടെ പ്രഖ്യാപിച്ചത്.
മകന് സീറ്റ് നല്‍കിയാല്‍ മാത്രമേ താന്‍ മത്സരിക്കൂവെന്നും അദ്ദേഹം സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ ഭീഷണി മുഴക്കിയിരുന്നു. തന്റെ മകന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം മല്‍കാജ്ഗിരിയിലെ എം.എല്‍.എയായ ഹനുമന്ത റാവുവിനെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവിടെ ഇനി അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.