X

മന്ത്രി ജലീലിന്റെ പ്രവൃത്തി, പുതുതായി മതം സ്വീകരിച്ചയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെ: എന്‍.എ നെല്ലിക്കുന്ന്

തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം പതുക്കെ വായിക്കുമ്പോള്‍ അവരെക്കാള്‍ വലിയ വിശ്വാസിയാണെന്ന് തെളിയിക്കാന്‍ പുതുതായിവന്നയാള്‍ ഉച്ചത്തില്‍ വായിക്കും. പുത്തനച്ചി മേല്‍ക്കൂരവരെ തുടക്കുന്നപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ നടപടി. പുത്തനച്ചി പിന്നീട് വീട്ടിലുള്ളവര്‍ക്ക് വെള്ളംപോലും കൊടുക്കാത്ത സ്ഥിതിവരുമെന്ന് സി.പി.എമ്മുകാര്‍ ഓര്‍മിക്കണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ടാര്‍ ക്ഷാമം രൂക്ഷമാണ്. 400 കി.മീ അകലെയുള്ള കൊച്ചി റിഫൈനറിയില്‍ നിന്നാണ് ജില്ലയിലേക്ക് ടാര്‍ കൊണ്ടുവരുന്നത്. മംഗലാപുരം റിഫൈനറിയിലേക്ക് ഇവിടെ നിന്ന് 50 കി.മീ ദൂരമേയുള്ളൂ. ജില്ലയിലേക്ക് മംഗലാപുരം റിഫൈനറിയില്‍ നിന്ന് ടാര്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് നിര്‍മാണങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള വിഭാഗത്തിന് വണ്ടിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം നിര്‍മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. കാസര്‍കോട് പുതുതായി പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് പണിയണം. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്.

കാസര്‍കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിര്‍മിച്ചെങ്കിലും വേണ്ടത്ര സംവിധാനങ്ങളില്ല. കാസര്‍കോട് ദേശീയപാത വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം. കാസര്‍കോട് ചൗക്കിയില്‍ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി എറ്റെടുക്കണം.

പൊതുമരാമത്ത് മന്ത്രിയുടെ ശോഭകെടുത്താന്‍ കൂടെയുള്ളവര്‍ തന്നെ ശ്രമിക്കുന്നുണ്ട്. മന്ത്രി സുധാകരന്‍ വളര്‍ന്നുവലുതാകാന്‍ പാടില്ല, നല്ല പ്രശംസ കിട്ടാന്‍ പാടില്ല എന്നാണ് ഇവരുടെ ചിന്ത. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അവര്‍ക്ക്. ‘രാജാവിന്റെ വാളുകള്‍’ എന്ന കവിത ഇത് കണ്ടുകൊണ്ടായിരിക്കണം സുധാകരന്‍ എഴുതിയത്. വഴിയടപ്പ് വിദഗ്ധര്‍ വേണ്ടെന്നാണ് മന്ത്രി കവിതയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ക്ക് പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. എന്നാല്‍ ഉദുമ, തളിപ്പറമ്പ് എം.എല്‍.എമാരോടും ടി.വി രാജേഷിനോടും ചോദിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോധ്യമാകും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പണികളൊന്നും ആംരഭിക്കാനായിട്ടില്ല. ചേര്‍ക്കളം കല്ലടുക്ക റോഡിന് ഭരണാനുമതിപോലും കിട്ടിയില്ല. ബദിയടുക്ക റോഡിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ദേശീയപാത, പി.ഡബ്ല്യു.ഡി റോഡുകളുടെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ ഇത്തവണ നേരത്തെ ആരംഭിക്കണം. കാസര്‍കോട് തുറമുഖത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരണം. ഇതിനായി സമഗ്രമായ പഠനം നടത്തണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

chandrika: