ജനപ്രതിനിധിയായി ലഭിച്ച ശമ്പളം മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്ത് മൂവാറ്റുപുഴ എംഎല്‍എയുടെ വേറിട്ട വഴി. എംഎല്‍ എ സ്ഥാനത്തു നിന്ന് ശമ്പളമായി കൈപ്പറ്റിയ തുക മുഴുവന്‍ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ് അഡ്വക്കേറ്റ് മാത്യു കുഴല്‍ നാടന്‍ സംഭാവന ചെയ്തത്. കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.
‘മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതല്‍ ജോലി ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. നാല് വര്‍ഷത്തെ ശമ്പളമിനത്തില്‍ 25 ലക്ഷം രുപ അക്കൗണ്ടിലുണ്ട്. ഈ തുക ജനങ്ങള്‍ക്ക് മടക്കി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്‍നാടന്‍ എംഎല്‍ എ ഫേ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
ശമ്പളം പോരാ, യാത്രാബത്ത ഇരട്ടിയാക്കണം എന്നൊക്കെ നിരന്തരമായി പരാതികള്‍ ഉയര്‍ത്തുന്നവരെയാണ് മലയാളികള്‍ക്ക് പരിചയമുള്ളത്. ഈ വഴിയല്ല തന്റെ യാത്ര എന്നാണ് ഈ യുവ എംഎല്‍ എ പ്രഖ്യാപിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രീയത്തേയും നവീകരിക്കാന്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തന്നെ സാധിക്കണം എന്ന് പലപ്പോളും പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍ നാടന്‍.
അദ്ദേഹത്തിന്റെ റീ ഡിഫൈനിംഗ് പൊളിറ്റിക്‌സ് എന്ന വിഷയം അദ്ദേഹം പലപ്പോളും ഊന്നിപ്പറയുന്നതാണ്. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന മാറ്റം കൊണ്ടുവരാതെ ഈ സിസ്റ്റത്തെ മാറ്റാനാവില്ല എന്ന് അദ്ദേഹം പറയാറുണ്ട്. അതിനെ ന്യായീകരിച്ചുകൊണ്ടാണ് ഈ നടപടി.
മാത്യു കുഴല്‍നാടന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്പര്‍ശം വഴിയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ഡയാലിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക സഹായമായി നല്‍കും. പ്രതിമാസ കൂപ്പണ്‍ ആയിട്ടാണ് സഹായം നല്‍കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിക്കും.
ഇതിനു പുറമേ ഹോം കെയര്‍ സര്‍വ്വീസില്‍ പരിശീലനവും നല്‍കാന്‍ പരിപാടി തയ്യാറാക്കുന്നുണ്ട് .
കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്നവരെ പരിചരിക്കുന്നതിനും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി നോക്കാനായി പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എംഎല്‍എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്നും മാത്യു കുഴല്‍ നാടന്‍ അറിയിച്ചു