ന്യൂഡല്‍ഹി: നിയമസഭാ സമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിനു ദില്ലിയില്‍ തുടക്കം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 200ല്‍ അധികം സാമാജികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ‘എല്ലാവരും വികസനത്തിന്’ എന്ന പ്രമേയമുയര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് നിയമസഭാ സാമാജികര്‍ക്കായി ദേശീയതലത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളിലായിരുന്നു ഉദ്ഘാടന സെഷന്‍ നടന്നത്. പണ്ഡിറ്റ് നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അംബേദ്കറുമൊക്കെ ഇരുന്നിട്ടുള്ള ഹാളില്‍ ഇരിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് വലിയ ഉത്തരാവിദിത്വ ബോധം അനുഭവപ്പെടാറുണ്ടന്ന് മോദി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അധ്യക്ഷയായിരുന്നു.
നീതീആയോഗ് സി.ഇ.ഒ അമിതാഭ് കാന്ദ് പ്രമേയ വിശദികരണം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അനുഭവങ്ങള്‍ പങ്ക് വെക്കാനും നിയമാസഭാ സമാജികര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കാനുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. ദക്ഷിണ, ഉത്തര, പശ്ചിമ, കിഴക്കന്‍ മേഖലകളായി സംസ്ഥാനങ്ങളെ വേര്‍തിരിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികള്‍, വൈദഗ്ധ്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കേരളത്തില്‍ നിന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ച് എം.എല്‍.എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) വീണ ജോര്‍ജ് (ആറന്‍മുള) കെ.എസ് ശബരീനാഥ് (അരുവിക്കര) സി.കെ ആശ (വൈക്കം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.