X

പിണറായി തികഞ്ഞ ഏകാധിപതിയെന്ന് തെളിയിച്ചു: എം.കെ മുനീര്‍

തിരുവനന്തപുരം: പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചക്ക് തയാറായവരെ അവഹേളിക്കുകയും ചര്‍ച്ചക്ക് മുന്‍കൈയെടുത്തവരെ പരസ്യമായി ശകാരിക്കുകയും ചെയ്തതിലൂടെ താന്‍ തികഞ്ഞ ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയാറാണെന്ന് അറിയിച്ചപ്പോള്‍ അവര്‍ യു.ഡി.എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ചര്‍ച്ചക്ക് വേദിയൊരുക്കിയ ആരോഗ്യമന്ത്രിയെ ശാസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

പിണറായി അധികാര കേന്ദ്രീകരണത്തിന്റെ വക്താവായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഇ.യു ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ജനറല്‍ സെക്രട്ടറി എം.എം അബൂബക്കര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, നേതാക്കളായ കണിയാപുരം ഹലിം, ജി. മാഹീന്‍ അബൂബക്കര്‍, എസ്.എ വാഹിദ്, ജെ.അജ്മല്‍, ഹുമയൂണ്‍ കബീര്‍, എം. സുബൈര്‍, എം. ഫസിലുദ്ദീന്‍, ആനക്കുഴി മുഷാദ്, എസ്.എന്‍ പുരം നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ‘സിവില്‍ സര്‍വീസ്- തിരുത്തപ്പെടേണ്ട ധാരണകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ അഡ്വ.എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്ന നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടിക്കെതിരെയും ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ എസ്.ഇ.യു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്. ഹാസിലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇ. നിസാറുദ്ദീന്‍, എസ്.അന്‍സാര്‍, എന്‍. സബീന സംസാരിച്ചു.

chandrika: