പതിവുപോലെ ഇന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവിടെയെത്തി. വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടത്തില്‍. ഇന്ന് ഖാഇദെ മില്ലത്തിന്റെ ജന്മദിനമാണ്. ഖബറിടത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹം ആദരവുകള്‍ അറിയിച്ചു. ‘ഖാഇദെ മില്ലത്ത്’ മുഹമ്മദ് ഇസ്മാഈല്‍ നല്‍കിയ അനുപമമായ സംഭാവനയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സ്മരിക്കുന്നതായി സ്റ്റാലിന്‍ പറഞ്ഞു.
കോളേജ് പഠനം ഉപേക്ഷിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മഹാനായ രാജ്യസ്നേഹി. ഔദ്യോഗിക ഭാഷാ വിഷയത്തില്‍, തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ഭരണഘടനാ അസംബ്ലിയില്‍ ശക്തമായി വാദിച്ച ഭാഷാ കാവല്‍ക്കാരനായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ പോകാതെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ മാത്രം സ്വാധീനമുള്ള നേതാവ്. – സ്റ്റാലിന്‍ ഖാഇദെ മില്ലത്തിനെ സ്മരിച്ചു. ഭരണഘടനാ അസംബ്ലി അംഗം, പാര്‍ലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളില്‍ തമിഴരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു ഖാഇദെ മില്ലത്തെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത്രയും വലിയ ഒരു നേതാവിനെ മുസ്ലിം സമൂഹത്തിന് അപൂര്‍വ്വമായി മാത്രമേ ലഭിക്കൂ എന്ന പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ വാക്കുകളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.