X

കോവിഡ് രോഗികളെ ആസ്പത്രിയില്‍ നേരിട്ട് സന്ദര്‍ശിച്ച് സ്റ്റാലിന്‍

ചെന്നൈ: കോവിഡ് രോഗികളെ ആസ്പത്രി വാര്‍ഡില്‍ നേരിട്ട് സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കോവിഡ് രോഗികള്‍ക്ക് ആത്മധൈര്യം പകര്‍ന്നുമായിരുന്നു സന്ദര്‍ശനം. പി.പി.ഇ കിറ്റ് ധരിച്ചും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുമാണ് സ്റ്റാലിന്‍ രോഗികളെ കണ്ടത്. ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളെ ആസ്പത്രിയില്‍ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.

കോയമ്പത്തൂര്‍ ഇ.എസ്.ഐ ആസ്പത്രിയായിരുന്നു വേദി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍ കോവിഡ് ചികിത്സയില്‍ നേരിടുന്ന വെല്ലുവിളികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി എന്നിവമുഖ്യമന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാര്‍ഡിലെത്തി രോഗികളെ കണ്ട സ്റ്റാലിന്‍ ചികിത്സയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ തിരക്കി. ആരോഗ്യ വിദഗ്ധരുടെ ഉപദേശം ലംഘിച്ചുകൊണ്ടായിരുന്നു തന്റെ സന്ദര്‍ശനമെന്ന് സ്റ്റാലിന്‍ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ആത്മവിശ്വാസം പകരുന്നതിനായിരുന്നു സന്ദര്‍ശനം. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പാണ് ഇതിലൂടെ നല്‍കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Test User: