ചെന്നൈ: പന്നീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള അങ്കത്തില്‍ കാഴ്ചക്കാരനായാണ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്റെ വരവ്. എന്നാല്‍ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സഭയില്‍ നിന്ന് സ്റ്റാലിന്‍ തിരിച്ചു പോയത് പുതിയ താരമായി. ഒരു പക്ഷേ, തമിഴക രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍ എന്ന നക്ഷത്രത്തിന്റെ ഉദയമായിരുന്നു ഇന്നലെ. അതിന് വേദിയായത് ജനാധിപത്യത്തിന്റെ ദേവാലയവും.
ശശികലയ്‌ക്കെതിരെ പടയൊരുക്കിയ പന്നീര്‍ശെല്‍വത്തിന് കലവറിയില്ലാത്ത പിന്തുണയുമായാണ് സ്റ്റാലിന്‍ സഭയിലെത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ ശെല്‍വത്തെ പിന്തുണക്കാമെന്ന ധാരണയും ഡി.എം.കെയില്‍ ഉരുത്തിരിഞ്ഞിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അതിവേഗത്തില്‍ കീഴ്‌മേല്‍ മറിഞ്ഞു. സ്പീക്കര്‍ ആര്‍ ധനപാലന്‍ പ്രതിപക്ഷത്തെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതാണ് സംഭവങ്ങളില്‍ വഴിത്തിരിവുണ്ടാക്കിയത്.
ബട്ടണിടാത്ത ഷര്‍ട്ടുമായി തനി തമിഴ് സിനിമാ സ്റ്റൈലില്‍ സഭയില്‍ നിന്ന് പുറത്തേക്ക് വന്ന സ്റ്റാലിന്റെ ചിത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതായിക്കും. ശെല്‍വം-പളനി പോരില്‍ നിന്ന് ധനപാലന്‍-സ്റ്റാലിന്‍ അങ്കത്തിലേക്ക് പുതിയ സംഭവങ്ങളെ വഴി തിരിച്ചുവിടാനും അദ്ദേഹത്തിനായി. രഹസ്യ വോട്ടു വേണം, രണ്ടു ദിവസമെങ്കിലും വോട്ടെടുപ്പ് നീക്കിവെക്കണം എന്നിവയായിരുന്നു സ്റ്റാലിന്റയും പ്രതിപക്ഷത്തിന്റെയും ആവശ്യം. എന്നാല്‍ അതിനു വഴങ്ങാന്‍ സ്പീക്കര്‍ തയാറായില്ല. സ്പീക്കര്‍ക്കെതിരെ ജനാധിപത്യ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ ഷര്‍ട്ട് കീറുകയും ചെയ്തു.
സഭയിലെ സംഭവവികാസങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് സഭയ്ക്കു പുറത്തുള്ള സ്റ്റാലിന്റെ പ്രതിഷേധം ആരംഭിച്ചത്. കീറിയ ഷര്‍ട്ടുമായി അണികളിലേക്ക് ഇറങ്ങാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പൊലീസ് അതു തടഞ്ഞു. ഇതോടെയാണ് ഇതേ ഷര്‍ട്ടുമായി അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ പോയത്. അതിനു ശേഷം, നിരാഹാര സമരം പ്രഖ്യാപിച്ച് തമിഴ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ മറീന ബീച്ചിലെത്തുകയും ചെയ്തു. പന്നീര്‍ശെല്‍വം തീരെ അപ്രസക്തമായിപ്പോയ നിമിഷങ്ങളായിരുന്നു അവ. ജയയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ തരിപ്പണമായ സാഹചര്യത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ സ്്റ്റാലിന്‍ കൂടുതല്‍ കരുത്തനാകും. അതിനായുള്ള വിജയകരമായ സ്‌റ്റേജ് ഷോ ആയിരുന്നു ഇന്നലത്തേത്.