വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍. വികസന കാര്യത്തില്‍ സംവാദത്തിന് ക്ഷണിച്ചാണ് തുടക്കം മുതല്‍ പ്രചാരണം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി സമീപ മണ്ഡലമായ വയനാട്ടില്‍ വന്നതോടെ യു.ഡി.എഫ് അനുകൂല തരംഗം കോഴിക്കോട്ടും ദൃശ്യമാണ്.
ഇതിനിടെ ഗൂഢ ശക്തികള്‍ കെട്ടിച്ചമച്ച ഒളിക്യാമറ വ്യക്തിഹത്യ ശ്രമം യു.ഡി.എഫ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായി. ജനകീയ ജനപ്രതിനിധിയെ വേട്ടയാടാനുള്ള ശ്രമത്തെ വോട്ടര്‍മാര്‍ അവഗണിച്ചുതള്ളിയതോടെ ഇടതുപക്ഷം നിരാശയിലാണ്.
ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളിലും എംകെ രാഘവന് വമ്പന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് വിജയതീരമണയുമെന്നാണ് യു.ഡി.എഫ് ആത്മവിശ്വാസം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുളള മറ്റു പ്രധാന സ്ഥാനാര്‍ത്ഥികള്‍.
മൂന്നാം അങ്കത്തിലും വന്‍ ഭൂരിപക്ഷത്തോടെ എം.കെ രാഘവന്‍ വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രതികരണം. വികസനം പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. ദുരാരോപണങ്ങള്‍ വിലപ്പോവില്ലെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് തരംഗം വ്യക്തമാക്കുന്നത്.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനങ്ങള്‍ കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. ഇന്ന് നോര്‍ത്ത് മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനമാവുക. ഇന്നലെ രാവിലെ 9 മണിയോടെ പെരുമണ്ണയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. പന്തീരങ്കാവ്, ഒളവണ്ണ, കുന്ദമംഗലം, പെരുവയല്‍, മാവൂര്‍, വെള്ളലശ്ശേരി, ചാത്തമംഗലം സന്ദര്‍ശനങ്ങളോടെ കുന്ദമംഗലം മണ്ഡല പര്യടനം സമാപിച്ചു.
ഉച്ചയോടെ കൊടുവള്ളിയില്‍ റോഡ് ഷോ ആരംഭിച്ചു. വെണ്ണക്കാട്, നരൂക്ക്, തലപ്പെരുമണ്ണ, കരീറ്റിപ്പറമ്പ്, മാനിപുരം, കളരാന്തിരി, ആറങ്ങോട് വഴി നാലു മണിയോടെ കൊടുവള്ളിയില്‍ സമാപിച്ചു. വൈകിട്ട് ദേവഗിരി പരിസരത്ത് സൗത്ത് മണ്ഡലം പര്യടനം ആരംഭിച്ചു. കോംട്രസ്റ്റ്, കല്ലായി കട്ടയാട്ടുപറമ്പ്, മീഞ്ചന്ത, വലിയങ്ങാടി വഴി കൊരട്ടി ഹോസ്റ്റലില്‍ പര്യടനം സമാപിച്ചു.
രാത്രിയോടെ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ ആരംഭിച്ചു. രാമനാട്ടുകര നിന്ന് തുടങ്ങി പേട്ട, ചെറുവണ്ണൂര്‍ ജംഗ്ഷന്‍, ബി സി റോഡ്, ബേപ്പൂര്‍ ബീച്ച്, നടുവട്ടം, അരക്കിണര്‍, മാത്തോട്ടം, മാറാട്, വട്ടക്കിണര്‍, അരീക്കാട്, നല്ലളം ബസാര്‍, കൊളത്തറ, റഹ്മാന്‍ ബസാര്‍, മോഡേണ്‍, കുണ്ടായിത്തോട്, ഫറോക്ക് പഴയ പാലം, കരുവന്‍തിരുത്തി, മണ്ണൂര്‍ വളവ്, കടലുണ്ടി, ചാലിയം, കല്ലമ്പാറ വഴി ഫറോക്കില്‍ റോഡ് ഷോ സമാപിച്ചു.