X

എലത്തൂരിന്റെ മനം കവര്‍ന്ന് എംകെ രാഘവന്‍

വോട്ടര്‍മാരില്‍ ആവേശം നിറച്ച ആദ്യദിനങ്ങളിലെ മണ്ഡല പര്യടനൊടുവില്‍ തെരഞ്ഞെടുപ്പു കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ഇന്ന് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കലക്ടര്‍ ശ്രീറാം സംബശിവ റാവുവിനാണ് പത്രിക സമര്‍പ്പിച്ചത്.

രാജ്യതലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന്ും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് കോഴിക്കോടന്‍ ജനത ആവേശമായാണ് അണിനിരക്കുന്നത്. വികസനനായകന്റെ മൂന്നാമങ്കത്തിന് വളരെ ആവേശത്തോടെയാണ് മണ്ഡലത്തിലെ യുഡിഎഫ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഇന്നലെ എലത്തൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പര്യടന ഉദ്ഘാടനത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഉദ്ഘാടന വേദിയായ ചെറുവറ്റയിലേക്ക് ഇന്നലെ ആദ്യം മുല്ലപ്പള്ളിയും പിന്നാലെ സ്ഥാനാര്‍ഥി രാഘവനുമെത്തി. കടകളില്‍ കയറിയും കവലയില്‍ കൂടിനിന്നവരോടും വോട്ടു ചോദിച്ച് സ്ഥാനാര്‍ഥി.

വേദിയില്‍ ഡി.സി.സി മുന്‍പ്രസിഡന്റ് കെ.സി അബുവിന്റെ സരസമായ സംസാരം. വയനാട് വിഷയത്തില്‍ പ്രതികരിക്കാന്‍ മുല്ലപ്പള്ളി മാധ്യമങ്ങള്‍ക്കു മുന്നില്‍. തുടര്‍ന്ന് തന്റെ പഴയകാല നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വെച്ച് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. കഴിഞ്ഞ 10 വര്‍ഷങ്ങളിലും നിങ്ങള്‍ക്കൊപ്പമായിരുന്നെന്നും എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ പാകത്തില്‍ ഓഫിസ് തുറന്നുവെച്ചിരുന്നുവെന്നും അദ്ദേഹം ചാരിതാര്‍ഥ്യത്തോടെ പറഞ്ഞു.

തുടര്‍ന്ന് മുല്ലപ്പള്ളിയുടെ ഊഴം. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചും കേരളം കേന്ദ്രവുമായി കളിക്കുന്ന ഒത്തുകളി രാഷ്ട്രീയത്തിലേക്ക് വിരല്‍ചൂണ്ടിയും മുല്ലപ്പള്ളിയുടെ അരമണിക്കൂര്‍ പ്രസംഗം. ഭക്ഷണപാത്രത്തിലേക്കു വരെ ഒളിഞ്ഞുനോക്കുന്ന കേന്ദ്രഭരണകക്ഷിയെ രാജ്യമാകെ കോണ്‍ഗ്രസ് നേരിടുമ്പോള്‍ ഇടതുപക്ഷം കാഴ്ചക്കാര്‍ മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തെ ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തിയ കെ ബിജുവിനെ മുല്ലപ്പള്ളി ഷാള്‍ അണിയിച്ചു സ്വീകരിച്ചപ്പോള്‍ സദസില്‍ നീണ്ട കരഘോഷം. കോണോട്ട് ആയിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം പേര്‍ ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലനായ ശേഷം ഇവിടെ നിന്നും പയമ്പ്രയിലേക്ക്. സ്‌കൂളിലും കവലയിലും വോട്ടു ചോദിച്ച് ചാലില്‍ താഴത്തേക്കും തുടര്‍ന്ന് കരുവത്ത് താഴത്തേക്കും ശേഷം പാലത്തെ സ്വീകരണ കേന്ദ്രത്തിലേക്കും. പിന്നീട് നന്മണ്ട 8/2ല്‍നിന്ന് പുതിയേടത്ത് താഴത്തേക്ക്. ഇവിടെ ചേളന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഭരതന്റെ വീട്ടില്‍ നിന്ന് ഭക്ഷണവും അല്‍പ്പനേരം വിശ്രമവും.

ഷെഡ്യൂള്‍ പ്രകാരം അടുത്തത് ഈന്താട് ആണെങ്കിലും ഇടവേളയില്‍ നന്മണ്ട ഹയര്‍ സെക്കന്ററിയിലേക്ക്. അവിടെ അധ്യാപകരെ കണ്ട് വോട്ടു ചോദിച്ച് തിരികെ വരുന്ന വഴി ജ്ഞാനപ്രദായനി എല്‍.പി സ്‌കൂള്‍ വാര്‍ഷികം കണ്ടു. സ്‌കൂളില്‍ കയറിയ സ്ഥാനാര്‍ഥിക്ക് ഉജ്ജ്വല സ്വീകരണം. വാര്‍ഷികത്തിന് കുട്ടികള്‍ക്കൊപ്പം സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു.

അടുത്തത് ഈന്താട്. ഊഷ്മളമായ സ്വീകരണ ശേഷം ഈന്താട് എ എല്‍ പി സ്‌കൂള്‍ വാര്‍ഷിക വേദിയിലേക്ക്. തുടര്‍ന്ന് പി.സി പാലം, കുട്ടമ്പൂര്‍,11/4,നന്മണ്ട 12, കള്ളങ്ങാടി താഴം, കുളത്തൂര്‍ നോര്‍ത്ത്, സൈഫണ്‍, പുനത്തില്‍ താഴം, വി.കെ റോഡ്, മൊകവൂര്‍, പുത്തൂര്‍, കണ്ടംകുളങ്ങര, പുതിയനിരത്ത്, കൊട്ടേടത്ത് ബസാര്‍ വഴി കമ്പിവളപ്പില്‍ എത്തുമ്പോഴേക്കും നേരമിരുട്ടി. തുടര്‍ന്ന് കമ്പിവളപ്പില്‍ സമാപനം.

സമാപന സമ്മേളനം മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ അക്കിനാരി മുഹമ്മദ്, ടി.കെ രാജേന്ദ്രന്‍ മാസ്റ്റര്‍, നിയോജക മണ്ഡലം പ്രസിഡന്റ് മലയില്‍ അബ്ദുല്ലക്കോയ, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, നാസര്‍ എസ്‌റ്റേറ്റ് മുക്ക്, ഒ.പി നസീര്‍, പി. അബ്ദുല്‍ ഹമീദ്, എം.ടി ഗഫൂര്‍ മാസ്റ്റര്‍, കെ. മോഹനന്‍, കെ.ടി ശ്രീനിവാസന്‍, അഹമ്മദ് കളരിത്തറ, സൗദ ഹസന്‍, ഗൗരി പുതിയേടത്ത്, എ.സി മുഹമ്മദ്, കെ.സി ചന്ദ്രന്‍, അബ്ദുല്‍ സമദ്, അറോട്ടില്‍ കിഷോര്‍, ജാഫര്‍ ചെറുകുളം, ബിജേഷ് കക്കോടി, അബ്ദുറഹ്മാന്‍കുട്ടി മാസ്റ്റര്‍, ശരീഫ് കുന്നത്ത്, പി. ശ്രീധരന്‍ മാസ്റ്റര്‍, പി. ഭരതന്‍, ജിതേന്ദ്രന്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

chandrika: