X

കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍

കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി പോലുമില്ലാതെ കള്ളക്കേസ് എടുത്തെന്നത് നിയമപരമായി സാധുതയില്ലാത്തതും രാഷ്ട്രീയ പാപ്പരത്തവും സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നോടുള്ള നീതി നിഷേധവുമാണെന്ന് എം കെ രാഘവന്‍. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഏറ്റവും തരംതാണ പ്രവൃത്തിക്ക് സി പി എം നേതൃത്വം നല്‍കിയത് അവരുടെ പരാജയഭീതിയും വിഭ്രാന്തിയുമാണ് വെളിപ്പെടുത്തുന്നത്.
നേര്‍ക്കു നേര്‍ നിന്ന് പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ഒളിഞ്ഞിരുന്ന് അക്രമിക്കുന്ന ഭീരുക്കളെ നാണിപ്പിക്കുകയാണ് സി പി എം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ സര്‍ക്കാര്‍ സംവിധാനവും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണാധികാരത്തിലാണ്. സ്ഥാനാർഥിക്കെതിരെ കേസ് എടുക്കണമെങ്കിൽ കമ്മിഷന്റെ അനുമതി വേണം. കോഴിക്കോട് നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള നഗ്നമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണ്. വ്യാജ ദൃശ്യങ്ങള്‍ പുറത്തുവന്ന് ഇന്നുവരെയുള്ള ഒരു ഘട്ടത്തിലും നിയമപരമായി നേരിടാതെ വ്യക്തിഹത്യയ്ക്കുള്‍പ്പെടെ നേതൃത്വം നല്‍കിയവര്‍ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ കേസുമായ് വരുന്നത് എത്ര തരംതാണ രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവും.
താന്‍ ആവശ്യപ്പെട്ടപ്രകാരം ഫോറന്‍സിക് പരിശോധനയുടെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമച്ച്, നാളിതുവരെ എതിര്‍പക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ നിരത്തി എന്നെ അപമാനിക്കാനും തേജോവധം ചെയ്യുവാനുമാണ് സി പി എം ശ്രമിച്ചത്.

ചാനല്‍ സംഘം പ്രസ്തുത ഫോണോ യഥാര്‍ത്ഥ ഫൂട്ടേജോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ അന്വേഷണ സംഘത്തിന് കൈമാറിയതായി അറിയില്ല. എന്നിരിക്കെ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും കേസ് എടുക്കണമെന്നും നിയമോപദേശം നല്‍കിയെന്ന് പറയപ്പെടുന്നത് തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. നിയമവശം പോലും പരിശോധിക്കാതെ അപ്രകാരം വാര്‍ത്തകള്‍ നല്‍കിയ ചില മാധ്യമങ്ങള്‍ ആരെയാണ് സഹായിക്കുന്നതെന്ന് വ്യക്തം.

റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും അത് ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ്പും കേരള പോലീസിന് കൈമാറാന്‍ പോലും ടി വി 9 ചാനല്‍ തയ്യാറായിട്ടില്ലെന്ന് മറക്കരുത്. ഓപ്പറേഷന് അയച്ച മാധ്യമ പ്രവര്‍ത്തകരുടെ വോയ്‌സ് ക്ലിപ്പും നല്‍കിയിട്ടില്ല. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് പരിശോധന നടന്നതെന്നും ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് നിയമോപദേശം കിട്ടിയതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കണം. പോലീസിനെ ഉപയോഗിച്ച് എത്ര നീചമായ രാഷ്ട്രീയ കളിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമെന്നതിന്റെ തെളിവ് കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമായതാണ്.

തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ദിവസം യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരിന് ജനം മറുപടി നല്‍കിയത് എങ്ങനെയെന്ന് സി പി എം ഓര്‍ക്കുന്നത് നന്നാവും. അന്ന് ഒന്നേ മുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് ജയിച്ചത്. സമാനമായ അവസ്ഥയാണ് കോഴിക്കോടും സംജാതമാവുകയെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും അഞ്ച് പതിറ്റാണ്ട് ഒരു വിധ കളങ്കവും ഏല്‍ക്കാതെ ജീവിച്ച ഒരു പൊതുപ്രവര്‍ത്തകനെ കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ചെളിവാരി എറിയുമ്പോള്‍ ഉണ്ടാവുന്ന വേദന ചെറുതല്ല. പത്താണ്ടായി തന്നെ അറിയുന്ന കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിട്ടുകൊടുക്കുകയാണെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷം മുമ്പ് മെഡിക്കല്‍ കോഴ ആരോപണത്തില്‍ മൂന്നാം പ്രതിയായി സിബിഐ അറസ്റ്റ് ചെയ്ത ഹേമന്ത് ശര്‍മ്മയാണ് ടി വി 9 ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്നതുള്‍പ്പെടെ മാധ്യമങ്ങള്‍ മറക്കരുത്. രാഷ്ട്രീയമായ എല്ലാ ഘടകവും ചേരുവകളും കോഴിക്കോട് യു ഡി എഫിന് അനുകൂലമാണെന്ന് തിരിച്ചറിയുമ്പോള്‍ സി പി എമ്മിലെ ഒരു വിഭാഗത്തിനുണ്ടാവുന്ന വെപ്രാളം മനസ്സിലാക്കാന്‍ സാധിക്കും. ഇന്നേവരെ പ്രചാരണത്തില്‍ ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ഒരുവിധ അധിക്ഷേപവും ഉന്നയിക്കാന്‍ ഞാനോ സഹപ്രവര്‍ത്തകരോ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കണം. കോഴിക്കോട് ഭൂരിപക്ഷം വര്‍ധിപ്പിച്ച് ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

chandrika: