കോഴിക്കോട്: കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍. ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് മുനീറിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ
രാജ്യത്തെ കര്‍ഷക രോഷത്തിന്റെ തിളക്കുന്ന പ്രതിഷേധമായ ‘ദില്ലി ചലോ മാര്‍ച്ചി’ന് മുന്‍പില്‍ അവസാനം ഡല്‍ഹി പൊലിസും കേന്ദ്ര സര്‍ക്കാരും മുട്ട് കുത്തുന്ന വാര്‍ത്തയാണ് വന്ന് കൊണ്ടിരിക്കുന്നത്.ഡല്‍ഹിയില്‍ പ്രവേശിക്കാതെ പിന്മാറ്റമില്ലെന്ന സമരകര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുമ്പില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടി വരുന്നു എന്നത് തന്നെ ലക്ഷ്യം കാണാതെ ഈ സമരം ഒരടി പിറകോട്ട് മാറില്ലെന്നതിന്റെ ഉദാഹരണമാണ്.
ഹരിയാന അതിര്‍ത്തി അടച്ചും ജലപീരങ്കി ഉപയോഗിച്ചും സ്വന്തം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന,രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധങ്ങളെ നിഷ്‌കരുണം ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്.നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്.ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ല.
സമര യോദ്ധാക്കള്‍ക്ക് പിന്തുണ.