കോഴിക്കോട് : മതവിഭാഗീയത ഇല്ലാതെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി നടപ്പാക്കണമെന്ന നിര്‍ദേശവുമായി പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിലെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിശോധിക്കുന്നതിന് വേണ്ടിയാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇതേതുടര്‍ന്ന് ഏകദേശം 72 ഓളം ശുപാര്‍ശകള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അതിലൊന്നു മാത്രമാണ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ്. എന്നാല്‍ ഇത് വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് ഉത്തരവ് കേന്ദ്ര ഗവണ്‍മെന്റ് ഇറക്കിയപ്പോള്‍ കേരളത്തില്‍ അത് നടപ്പിലാക്കുന്നതിന് പകരം ഒരു പാലോളി കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കാനാണ് തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ വിഭാഗീയതയ്ക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
2011 ല്‍ ഈ വിഷയം മൈനോറിറ്റി വകുപ്പിന് കീഴില്‍ കൊണ്ടുവന്ന ഇറക്കിയ രണ്ടു ഉത്തരവുകളാണ് ഇന്നത്തെ പ്രശ്‌നത്തിന് എല്ലാം കാരണം. മൈനോറിറ്റി വകുപ്പിന് കീഴില്‍ ഇത് വന്നതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ 80:20 എന്ന അനുപാതം കൊണ്ടുവരികയും പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തെ ഉള്‍പ്പെടുത്തുകയുമായിരുന്നു. അതിലൂടെ മതപരമായി രണ്ട് വിഭാഗങ്ങളുടെ പ്രീണനമാണ് ഇടതുപക്ഷം ഉദ്ദേശിച്ചത്. ക്രിസ്തീയ സമൂഹത്തിന്റെയും മുസ്‌ലിം സമൂഹത്തെയും പിന്തുണ ഒരേസമയം നേടിയെടുക്കുക എന്ന ഉദ്ദേശം. എന്നാല്‍ ആനുപാതികമായി വന്ന 20 ക്രിസ്തീയ സമൂഹത്തില്‍ ഉള്‍പ്പെടുത്തിയത് ലത്തീന്‍ ക്രിസ്ത്യന്‍സിനെയും അതുപോലെ പരിവര്‍ത്തിത ക്രിസ്ത്യന്‍സിനേയുമാണ്. ഇത് ധാരാളം സംശയങ്ങളും അതുപോലെതന്നെ തെറ്റിദ്ധാരണയും ക്രിസ്തീയ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയിലെ 100 ശതമാനം സ്‌കോളര്‍ഷിപ്പ് അവര്‍ക്കാണ് ലഭ്യമാവേണ്ടത്. അതുകൊണ്ട് ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരം ഉള്ള വിഷയങ്ങളില്‍ 2021ല്‍ ജനസംഖ്യ വച്ചുകൊണ്ട് ആനുപാതികമായി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവകാശം കിട്ടാനുള്ള വഴി വേറെ കാണേണ്ടതുണ്ട്. അതില്‍ ലാറ്റിന്‍ ക്രിസ്ത്യന്‍സിനും പരിവര്‍ത്തിത ക്രിസ്ത്യന്‍സിനും വേറെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഉണ്ടാക്കി അവരുടെ ആനുകൂല്യങ്ങള്‍ വേറെ കൊടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.