തിരുവനന്തപുരം: ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. ഇനി സിപിഐഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആര്‍എസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി വരുന്നവരാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയെ രാജ്യത്തുള്ളൂ. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകില്‍ സിപിഐഎം ആകുക അല്ലെങ്കില്‍ ബിജെപിയാവുക എന്ന് പറയും. ആ തിയറി ഇവിടെ നടക്കാന്‍ പോവുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും മുനീര്‍ പറഞ്ഞു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാനുള്ള പ്രമേയം. സിപിഐഎമ്മിനെതിരെ സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്ന നിലപാടാണ് പ്രമേയത്തിലൂടെ ആവര്‍ത്തിക്കുന്നത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും സിപിഐഎം ഇല്ലാതായെന്നും എംകെ മുനീര്‍ പറഞ്ഞു.
നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുസ്‌ലിം ലീഗിനെയും ആര്‍എസ്എസിനെയും ചേര്‍ത്ത് ഇടതുപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മുനീര്‍.