ഡോ.എംകെ മുനീര്‍
വിതുമ്പുന്ന മനസ്സുമായല്ലാതെ എന്റെ ചന്ദ്രികയെ കുറിച്ചോര്‍ക്കാന്‍ എനിക്കൊരിക്കലും സാധിച്ചിട്ടില്ല. എന്റെ നിനവുകളിലെ എന്റെ പിതാവിന്റെ നനവാര്‍ന്ന ഓര്‍മ്മകള്‍ക്കൊപ്പമല്ലാതെ ചന്ദ്രിക എന്റെ മനസ്സിലേക്കെത്തിയിട്ടില്ല.
ഒരുപക്ഷേ, വീട്ടില്‍ ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ ബാപ്പ ചെലവഴിച്ചയിടം.ചന്ദ്രികയിലെത്തുമ്പോള്‍, അവിടെയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിമര്‍ത്ത് പെയ്യുന്ന ഇന്നലെകളാണ് എന്റെയും മനസ്സിലേക്കെത്തുക. സന്തോഷവും ദുഖവും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത വിധമുള്ള സ്മൃതിപഥങ്ങളുടെ തിരതല്ലലുകള്‍.
വാക്കുകള്‍ കൂട്ടിയുച്ചരിക്കാന്‍ തുടങ്ങുന്ന കാലത്ത് ‘ദാദ’എന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ വിളിക്കാന്‍ പഠിപ്പിച്ചത് ബാപ്പയാണ്.വാത്സല്യത്തോടെ മടിയിലിരുത്തി ലാളിക്കുന്ന ഖാഇദെമില്ലത്തിന്റെ വെളുത്ത താടിയിഴകളില്‍ തലോടി കൊടുക്കുന്ന കുഞ്ഞുനാളിലെ അവിസ്മരണീയമായ നിമിഷങ്ങളാണ് ഇന്നും നിധിപോലെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒര്‍മ്മകളിലൊന്ന്.
മറ്റൊന്ന് ചന്ദ്രികയിലേക്ക് മനസ്സെത്തുമ്പോഴുള്ള കഴിഞ്ഞകാല സ്മരണകളുടെ കുളിരും. ഓര്‍മകള്‍ പതിയിരിക്കുന്ന കുഞ്ഞുന്നാളിലെ വൈകാരികതയാണെനിക്ക് എന്റെ ചന്ദ്രിക.ബാപ്പയോടൊപ്പം പോകുമ്പോള്‍ ആ മുറ്റത്തോടി കളിച്ച ,കാന്റീനില്‍ നിന്ന് ഉണ്ണിയപ്പം കഴിച്ച, അച്ചില്‍ അക്ഷരങ്ങള്‍ വിടരുന്ന കുട്ടിക്കാലാനുഭൂതിയുടെ കൗതുക ഭവനം.ഞാന്‍ ഏറെ സ്‌നേഹിച്ച എന്റെ മറ്റൊരു വീട്.
ബാപ്പ ജീവനു തുല്യം സ്‌നേഹിച്ച സ്ഥാപനം.സമൂഹത്തിനായുള്ള ബാപ്പയുടെ ചിന്തകള്‍ നാമ്പിട്ട ഇടം. സമുദായ സേവനത്തിനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സമുദ്ധാരണത്തിനും ഒരു ‘ജിഹ്വ’പോലെ പൂര്‍വ്വസൂരികളുടെ ആശിസ്സുകളോടെ ചുമതല നിറവേറ്റിയ സ്ഥാപനം.നിരവധി പ്രതിഭകളെ ചന്ദ്രിക വളര്‍ത്തിയിട്ടുണ്ട്.ബഷീറിന്റെയും ഉറൂബിന്റേയും എംടിയുടെയുമൊക്കെ സര്‍ഗാത്മക അടയാളപ്പെടുത്തലുകള്‍ക്ക് തുടക്കം മുതലേ ചന്ദ്രിക വേദിയായിട്ടുണ്ട്. അനുസ്യൂതം തുടരുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനിക്കാനേറെയുണ്ട്.പിന്നിട്ട വഴികളിലോരോന്നിലും എനിക്കൊപ്പവും ചന്ദ്രിക എന്ന മഹാസ്ഥാപനം ഉണ്ടായിരുന്നു. ആ പ്രകാശമാണ് പൊതുപ്രവര്‍ത്തനത്തിന് എന്നും വഴികാട്ടിയായത്.
വാത്സല്യ ധാരയായ് മഞ്ഞു പെയ്യുന്ന കുഞ്ഞുനാളിലെ ഓര്‍മ്മകള്‍ പോലെ, ചന്ദ്രിക എനിക്കൊപ്പമുണ്ട്. ഗതകാല സ്മരണകളുടെ പ്രൗഢിയില്‍ ഇനിയുമിനിയും ഉയര്‍ന്നു പറക്കാന്‍ മുസ്ലിംലീഗിന്റെ മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും കണ്ണുനീരും വിയര്‍പ്പും നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ ചന്ദ്രികക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
പ്രാര്‍ത്ഥനകള്‍…