X

‘വര്‍ഗീയ മതില്‍’ ഭരണഘടനയുടെ ലംഘനം; നിയമസഭയില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ മുനീര്‍

തിരുവനന്തപുരം: ജാതി സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാ മതിലിനെ ‘വര്‍ഗീയ മതില്‍’ എന്നുതന്നെ വിളിക്കുമെന്നും തന്നെ ആരും പേടിപ്പിക്കാന്‍ ശ്രമിക്കണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ മതിലിനെതിരെ നട്ടെല്ല് നിവര്‍ത്തി നിന്നുതന്നെ സംസാരിക്കും. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ജാതീയത പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല.
മുസ്‌ലിംകളെയും ക്രൈസ്തവരെയും ഒഴിവാക്കി ഏതാനും ജാതി സംഘടനകളെ കൂട്ടുപിടിച്ച് പണിയുന്ന മതില്‍ എങ്ങനെയാണ് നവോത്ഥാന മതിലാകുന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി പിണറായി വിജയനോ സി.പി.എമ്മിനോ എന്ത് ബന്ധമാണുള്ളതെന്നും മുനീര്‍ ചോദിച്ചു. ഭരണഘടനയോടുള്ള ധിക്കാരമാണിത്. സി.പി.എമ്മിന്റെ നേതാക്കളില്‍ നിന്നും നിയമസഭാ അംഗങ്ങളില്‍ നിന്നുമുള്ള പീഡനങ്ങളില്‍ നിന്ന് സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ രക്ഷിക്കാനാണ് നിയമസഭയിലെ സി.പി.എമ്മിന്റെ വനിതാ അംഗങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ സ്ത്രീകളുടെ തുല്യതെ കുറിച്ച് പറയുന്നു. പാര്‍ട്ടി ഓഫിസില്‍ താണുകേണു പരാതി പറഞ്ഞ സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് ഈ രാജ്യത്ത് തുല്യതയെ കുറിച്ച് പറയാന്‍ എന്തവകാശമാണുള്ളത്. സ്ത്രീകളെ തെരുവില്‍ വലിച്ചെറിയുന്ന നിങ്ങള്‍ക്ക് സ്ത്രീ സമത്വത്തെ കുറിച്ച് പറയാനും അവകാശമില്ല.
നവോത്ഥാനത്തില്‍ ഏതെങ്കിലും ചില വിഭാഗങ്ങള്‍ മതിയോ? നവോത്ഥാനത്തില്‍ ക്രിസ്തീയ വിഭാഗത്തിന് പങ്കില്ലേ? മുസ്‌ലിം വിഭാഗം പങ്കെടുത്തില്ലേ?. വക്കം മൗലവിയുടെ നവോത്ഥാനത്തെ എന്തുകൊണ്ട് മുഖ്യമന്ത്രി പറയുന്നില്ല, മക്തി തങ്ങളുടെ നവോത്ഥാനത്തെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല.
നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ക്രിസ്ത്യന്‍ മിഷണറിമാരായിട്ടുള്ള തോബിയോസ്, എബ്രഹാം മൈക്കിള്‍, ചാവറയച്ചന്‍, അര്‍ണോസ് പാതിരി എന്നിവരെ കുറിച്ച് എന്താണ് പറയാത്തത്. ക്രിസ്തീയ വിഭാഗത്തെയും മുസ്‌ലിം വിഭാഗത്തെയും മാറ്റി നിര്‍ത്തി മതില്‍ പണിയുന്നതിന് എന്ത് പേരാണ് വിളിക്കേണ്ടത്. മാത്രമല്ല, സുഗതനെന്ന് പറയുന്ന സമിതി കണ്‍വീനര്‍ ഫേസ്ബുക്കില്‍ പറഞ്ഞത് വീടിന് തീയിട്ട്, മനോരോഗിയായ ഹാദിയയെ മതഭ്രാന്തന്മാര്‍ തെരുവിലിട്ട് ഭോഗിക്കട്ടെ എന്നാണ്. ഇയാളാണോ ഈ രാജ്യത്ത് നവോത്ഥാനം ഉണ്ടാക്കാന്‍ പോകുന്നത്. ആ നവോത്ഥാനത്തിന് ഞങ്ങളില്ല. മാന്‍ഹോളില്‍ വീണയാള്‍ മുസ്‌ലിം ആയതുകൊണ്ടാണ് അവന് കൂടുതല്‍ സൗകര്യം ചെയ്തതെന്ന് വര്‍ഗീയവാദിയായ വെള്ളാപ്പള്ളി നടേശന്റെ നവോത്ഥാനത്തിനും ഞങ്ങളില്ല. വെള്ളാപ്പള്ളി നടേശന്‍ എന്നുമുതലാണ് പിണറായിക്ക് നവോത്ഥാന നായകനായത്. വെള്ളാപ്പള്ളിയെ കുറിച്ച് പിണറായി നടത്തിയ പ്രസംഗങ്ങള്‍ കെട്ടുകണക്കിന് തന്റെ കൈവശമുണ്ട്. വെള്ളാപ്പള്ളി ഒരു ഭാഗത്ത് നില്‍കുമ്പോള്‍ തുഷാര്‍ മറുഭാഗത്ത് നില്‍ക്കുന്നു. ഈ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാനില്ല.
ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം വിപ്ലവമല്ലെന്നാണ് വി.എസ് പറഞ്ഞത്. ഇക്കാര്യത്തില്‍ യു.ഡി.എഫ് വി.എസിന് ഒപ്പമാണ്. സംഘടനകളുടെ യോഗം വിളിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. അംഗനവാടികളിലെയും കുടുംബശ്രീകളിലെയും സ്ത്രീകളെയും ആശാവര്‍ക്കര്‍മാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയാണ് വനിതാമതില്‍ തീര്‍ക്കുകയാണ്. സാലറി ചലഞ്ചില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതു പോലെയാണ് വനിതാ മതിലിനായി ഇവരെ നിര്‍ബന്ധിക്കുന്നത്. ഓണത്തിന് ഓഫിസ് സമയത്ത് പൂക്കളം ഇടരുതെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രി ഓഫിസ് സമയത്ത് മതില്‍ പണിയാന്‍ ഇറങ്ങണമെന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്. വെള്ളാപ്പള്ളിക്ക് വേണ്ടിയാണിത്.
സി.പി.എം നേതാക്കള്‍ ലോക ചരിത്രം വിസ്മരിക്കരുത്. 1961ല്‍ പൂര്‍വ്വ ജര്‍മനിയിലെ കമ്മ്യൂണിസം കെട്ടിപ്പൊക്കിയ ബര്‍ലിന്‍ മതില്‍ പില്‍ക്കാലത്ത് പൊലിക്കേണ്ടി വന്നത് ചരിത്രം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നവവത്സര ദിനത്തില്‍ തീര്‍ക്കുന്ന മതില്‍ കേരള സമൂഹത്തെ വേര്‍തിരിക്കുന്ന ബര്‍ലിന്‍ മതില്‍ ആയിരിക്കും.

chandrika: