ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്‍പര കക്ഷികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. എം എസ് എഫും മുസ്ലിം ലീഗുമൊക്കെ പതിറ്റാണ്ടുകളായി ഇതേ പതാകയുമായി ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പതാകയുമായി നിറത്തിലോ വര്‍ണ്ണത്തിലോ ഉള്ള ചെറിയ സാമ്യം പോലും വിവാദമാക്കി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികള്‍ക്ക് കുഴലൂതുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ കേരള പോലീസും ഈ വിവാദത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.
പതാകയിലുള്ള ഏതെങ്കിലും നിറത്തിന്റെ പേരിലാണ് എം എസ് എഫിന്റെ പതാകയെ വിവാദമാക്കുന്നതെങ്കില്‍, ബിജെപിയുടെ പതാകയില്‍ പച്ച നിറമില്ലേ.. അതും വിവാദമാക്കപ്പെടേണ്ടതല്ലേ..?വിദേശാധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ദേശീയ പതാകക്ക് പകരം തങ്ങളുടെ കാവി പതാക ഉയര്‍ത്തി,രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെപ്പോലും മാനിക്കാത്ത പരിവാര്‍ സംഘടനകളാണ് ദേശീയതയിലും ജനാധിപത്യത്തിലും അടിയുറച്ച ബോധ്യങ്ങളുള്ള മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങളെ പാകിസ്ഥാന്‍വത്കരിക്കുന്നത്. എം എസ് എഫിന്റെ പതാകയെ അഗ്‌നിക്കിരയാക്കുന്നത്.ഭരണഘടന രൂപീകൃതമായ ശേഷം പ്രഥമ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പില്‍ ഒപ്പുവെച്ച ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ അനുയായികള്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കുന്നത്.അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ ഇത്തരം കലാപശ്രമങ്ങളുമായി സംഘ്പരിവാറുകാര്‍ ഇറങ്ങി തിരിക്കുന്നത് കേരളത്തെയും കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഡ അജന്‍ഡയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്.
ഇത് തിരിച്ചറിയുന്നതിന് പകരം മതേതരപക്ഷത്തുള്ള വിദ്യാര്‍ത്ഥീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന കേരള പോലീസ് സത്യത്തില്‍ ആരെയാണ് സഹായിക്കുന്നത്.? വിവാദങ്ങളിലൂടെ കലാപ സാധ്യത തിരയുന്ന സംഘ് താല്‍പര്യങ്ങളെ തിരിച്ചറിയാതെ, നിരപരാധികളെ അപരാധികളാക്കുന്ന ആഭ്യന്തര വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സംഘ് താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയാണ്.ക്ഷേത്രങ്ങളും പള്ളികളും സൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്ന, ജാതിയും മതവും നോക്കാതെ മനുഷ്യര്‍കൈകോര്‍ത്തു മഹാവ്യാധികളെ പോലും അകറ്റി നിര്‍ത്തിയ, പേരാമ്പ്ര പോലെയുള്ള സൗഹാര്‍ദ്ദം കളിയാടുന്ന ഒരു ദേശത്ത്, ഇത്തരത്തില്‍ കലാപ സാധ്യത തിരയുന്നവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും.
നിപ്പയിലും പ്രളയത്തിലുമൊക്കെ നമ്മള്‍ എല്ലാം മറന്നു ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന കാലം മറക്കാന്‍ സമയമായോ..?അവിടെ എംഎസ്എഫിന്റെ പ്രവര്‍ത്തകരടക്കം ജാതിയും മതവും കൊടിയുടെ നിറവും നോക്കിയാണോ അന്ന് ഒരുമിച്ചു നിന്നത്..!നാം മനുഷ്യര്‍,നമ്മളൊന്നായി മനുഷ്യത്വത്തിന് പ്രഥമ പരിഗണന നല്‍കിയവര്‍.അസഹിഷ്ണുതയുടെ കുടിലതകളെ നാം തിരിച്ചറിയുക തന്നെ ചെയ്യും.
എല്ലാവര്‍ക്കും,സഹ്യനിപ്പുറം പച്ച പുതച്ച, പച്ചപ്പിനാല്‍ അനുഗ്രഹീതമായ കേരളത്തിന്റെ പച്ച സലാം.