തിരുവനന്തപുരം: ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബിയെന്നും മുനീര്‍ ആരോപിച്ചു.
ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ ഡാമുകള്‍ തുറക്കരുത്. ഡാമുകള്‍ തുറന്നതിനെപ്പറ്റി പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ അത് മാത്രം പോരാ. മുഖ്യമന്ത്രി സ്വന്തം നിലയില്‍ വിദഗ്ദ്ധരെ വച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. പുനരിധാവാസ പ്രവര്‍ത്തനങ്ങളില്‍ എന്തു സഹായം നല്‍കാനും പ്രതിപക്ഷം തയ്യാറാണ്. എന്നാല്‍ മുന്നോട്ടുള്ള പോക്കില്‍ ചില കാര്യങ്ങളില്‍ തിരുത്തല്‍ വേണമെന്നും മുനീര്‍ പറഞ്ഞു.
ജലസേചന, വൈദ്യുത വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. വിമാനത്താവളത്തില്‍ വിദേശത്ത് നിന്നു വന്ന സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകള അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് വാങ്ങിയെടുക്കണമെന്നും ഇതിന് പ്രതിപക്ഷം സര്‍ക്കാറിനൊപ്പമുണ്ടെന്നും എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുമ്പോള്‍ അത് സ്ഥലം എം.എല്‍.എമാരെ എങ്കിലും അറിയിക്കേണ്ടതാണ്, എന്നാല്‍ ഒരൊറ്റ എം.എല്‍.എക്ക് പോലും ഇതുസംബന്ധിച്ച വിവരം കിട്ടിയില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.