X

‘കുറച്ച് കഴിഞ്ഞാല്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം’; എം.ക മുനീര്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ എം.കെ മുനീര്‍ എം.എല്‍.എ. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ മറുപടി നല്‍കി. 1921-ലെ സംഭവത്തിന് ചിലര്‍ വര്‍ഗ്ഗീയ നിറം നല്‍കുകയാണെന്ന് മുനീര്‍ പറഞ്ഞു. 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്‌റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്‌സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്‌റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുമ്മനം, ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കൂ!!

കുമാരനാശാന്‍ എഴുതിയ ‘ദുരവസ്ഥ ‘യ്ക്ക് കെ. എം സീതിസാഹിബ് ഒരു മറു കുറിപ്പെഴുതിയിരുന്നു. അതിന്റെ തലക്കെട്ട് ‘ഇതെന്തൊരവസ്ഥ ” എന്നായിരുന്നു. അതിനു ശേഷം സീതി സാഹിബും കുമാരനാശാനും കൂടിക്കാഴ്ച നടത്തി. അതിന്റെ ഫലമായി തനിക്ക് തെറ്റ് പറ്റിയെന്നും ഇതിന് ഒരു മറു കവിത താനെഴുതുമെന്നും ആശാന്‍ തീരുമാനിച്ചു. എന്നാല്‍ കവിത എഴുതും മുമ്പേ കുമാരനാശാന്‍ ഒരു ബോട്ടപകടത്തില്‍ മരണപ്പെട്ടു. ഈ ചരിത്ര യാഥാര്‍ത്ഥ്യം കുമ്മനം രാജശേഖരന്‍ ഇനിയും വായിച്ചിട്ടില്ലെങ്കില്‍ അതു വായിക്കാന്‍ പറ്റുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കാന്‍ തയ്യാറാണ്. ഇവിടെ കുമ്മനം എന്ന ഒരു പുതിയ ചരിത്രകാരന്‍ ജനിക്കുകയാണ്. ഫാഷിസ്‌റ് ശൈലിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ കുമ്മനം പരീക്ഷിക്കുകയാണ്. താജ് മഹല്‍ എന്നാല്‍ തേജ് മഹാലേ എന്ന ക്ഷേത്രമായിരുന്നെന്നും, കുതബ് മിനാര്‍ കുത്തബുദ്ധീന്‍ ഐബക് നിര്‍മ്മിച്ചതല്ലെന്നുമുള്ള വ്യാജ ചരിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ്. അങ്ങനെ നൂറായിരം ചരിത്രങ്ങളില്‍ അസത്യങ്ങള്‍ പുരട്ടി കൊണ്ടിരിക്കുകയും ചരിത്ര പുരുഷന്‍മാരുടെ പേരിലുള്ള റോഡുകളും, സ്മാരകങ്ങളും പേര് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്‌റ് കാലഘട്ടത്തില്‍ കുമ്മനം യഥാര്‍ഥ ഫാഷിസ്റ്റാണെന്ന് തെളിയിച്ച് കൊണ്ട് 1921 ന് ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുകയാണ്.

വാഗണ്‍ ട്രാജഡിയില്‍ മുസ്ലിംകള്‍ വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണില്‍ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, വാഗണില്‍ കുത്തി നിറക്കപ്പെട്ടതും.അക്കാലത്ത് ചില സംഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും,മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അതിന്റെ അന്തര്‍ധാരകളെക്കുറിച്ചും കെ പി കേശവമേനോനും ഇ മൊയ്തു മൗലവിയും ചരിത്രകാരന്മാരായ എം ജി എസ് നാരായണനും, എം. ഗംഗാധരനുമൊക്കെ എഴുതിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ ജന്മികുടിയാന്‍ പ്രശ്‌നങ്ങള്‍, ചിലയിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഓശാന പാടി നിന്നവരുമായുള്ള പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വര്‍ഗ്ഗീയമല്ലാത്ത പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട് . അത് അങ്ങോട്ടും, ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഇതിനെ വര്‍ഗ്ഗീയ നിറം നല്‍കി വ്യാഖ്യാനിച്ചിട്ടില്ല. പക്ഷെ 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.
കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്‌റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്‌സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്‌റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം. എല്ലാ ആര്‍. എസ്. എസ്സുകാരനും, ബി ജെ പി ക്കാരനും സ്വാതന്ത്ര്യ സമര സേനാനികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമായി മാറുന്ന പുതിയ ചരിത്രമെഴുത്ത് കല്‍ബുര്‍ഗിയെ കൊല ചെയ്ത, പന്‍സാരെയെ ഇല്ലാതെയാക്കിയ, ഗൗരി ലങ്കേഷിനെ തൂത്തെറിഞ്ഞ ഫാഷിസ്റ്റുകളില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കാം.

chandrika: