ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വ്യാജ പ്രചരണത്തിനു പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശമാണ്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുനീര്‍ പറഞ്ഞു. ഇതിന് പിന്നിലെ വികൃതമായ മനസ്സ് ആരുടേതാണെങ്കിലും അത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മുനീര്‍ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിന്റെ കവാടം കത്തിയമര്‍ന്നപ്പോള്‍ അവിടെ ഓടിയെത്തി ആ തീ അണച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. അദ്ദേഹത്തിന്റെ സഹോദരനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു ക്ഷേത്രത്തിനെതിരെയും ക്ഷേത്ര നാദങ്ങള്‍ക്കെതിരെയും ഒരിക്കലും സംസാരിക്കാനാവില്ല.
അതുപോലെ പാണക്കാട് പൂക്കോയ തങ്ങള്‍! അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ എന്നും രോഗശമനത്തിനെത്തിയവരില്‍ നാനാജാതി മതസ്ഥരുണ്ടായിരുന്നു! ഈ പാരമ്പര്യത്തിന്റെ പിന്‍ തുടര്‍ച്ചക്കാരനാണ് ഹൈദരലി ശിഹാബ് തങ്ങള്‍!ഇതിനിടയില്‍ എങ്ങനെയാണ് ഇവര്‍ക്ക് വേറെ രീതിയില്‍ ചിന്തിക്കാന്‍ സാധിക്കുക ..സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ തന്നെ ആശ്വാസവും രോഗശമനവും തേടിയെത്തുന്നവരില്‍ എത്രയെത്ര മതസ്ഥരുണ്ട്!’ കുരിശ് മാലയിട്ടവരും ചന്ദനക്കുറിതൊട്ടവരും നിസ്‌ക്കാരതഴമ്പുള്ളവരും ഒന്നിച്ച് തോളുരുമ്മി നില്‍ക്കുന്നത് ആ മുറ്റത്ത് നമുക്ക് കാണാന്‍ കഴിയും.പാണക്കാടിന്റെ സുകൃതമാണത്!
ഇങ്ങനെ സൗഹാര്‍ദ്ദത്തിനും സഹവര്‍തിത്വത്തിനും വേണ്ടി രാപകലില്ലാതെ ഓടി നടക്കുന്ന, അതിനായി അക്ഷീണം പ്രയത്‌നിക്കുന്ന ഒരാള്‍ക്ക് വര്‍ഗ്ഗീയതയുടെ ചുവ നല്‍കുന്നതിന് പിന്നില്‍ ഗൂഡമായ ഒരു കലാപത്തിന്റെ തന്നെ ഉദ്ദേശമുണ്ട്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. ഇതിന് പിന്നിലെ വികൃതമായ മനസ്സ് ആരുടേതാണെങ്കിലും അത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.