മുക്കം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ഐക്യ ജനാധിപത്യ മുന്നണി വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഔദ്യോഗിയായി ആവശ്യപ്പെട്ടു. മുക്കത്തു നടന്ന കണ്‍വെന്‍ഷനില്‍ അഡ്വ.ടി സിദ്ധിഖ് അവതരിപ്പിച്ച പ്രമേയത്തിന് യു.ഡി.എഫ് നേതാക്കള്‍ പിന്തുണയും ആശംസയും അര്‍പ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയറിയിച്ചു കൊണ്ടുള്ള സന്ദേശം പി.വി.അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു. രാഹുലിന്റെ വരവ് വന്‍ തരങ്കം സൃഷ്ടിക്കുമെന്നും കേരളത്തിനു ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കേരളം ഒപ്പം ചേര്‍ന്നു നില്‍ക്കുകയാണ്.
രാഹുലിനെ സ്വാഗതം ചെയ്തും സിന്ദാബാദ് വിളിച്ചും സിദ്ധിഖ് ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ ആയിരങ്ങള്‍ ഒറ്റെക്കെട്ടായി ഏറ്റുചൊല്ലുമ്പോള്‍ കണ്‍വെന്‍ഷന്‍ വേറിട്ട ആവേശമായി മാറുകയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ എം.എല്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഭാവി പ്രധാനമന്ത്രിയായി കാണുന്ന രാഹുല്‍ ഗാന്ധിയെ അദ്ദേഹം സ്വാഗതം ചെയ്തു. വയനാടിന്റെ ദൗത്യം ഒരു എം.പിയെ തെരഞ്ഞെടുക്കുകയെന്നതല്ല, ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.. രാഹുലിന്റെ വരവ് വയനാടിന്റെ സമഗ്ര വികസനത്തിന് വഴി തെളിക്കുക മാത്രമല്ല യു.ഡി. എഫിന് കേരളത്തില്‍ ട്വന്റി -20 ഇരുപതില്‍ ഇരുപതും യാഥാര്‍ഥ്യമാകാന്‍ വഴിയൊരുക്കുകയും ചെയ്യും. ഖാഇദെ മില്ലത്തിനെ മണ്ഡലം തൊടാതെ വിജയിപ്പിച്ച ചരിത്രം ഇവിടെ ആവര്‍ത്തിക്കണം. രാഹുലിനെ ഇവിടെ തളച്ചിട്ടു കൂടാ. മോദിയെ താഴെയിറക്കാന്‍ രാഹുലിന്റെ രാജ്യമൊട്ടാകെയുള്ള പടയോട്ടം തുടരേണ്ടതുണ്ടെന്നു മുസ്ലിം ലീഗ് നേതാവ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി ഓഫിസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ അടങ്ങുന്ന ഇടത് പക്ഷം സ്ത്രീ സംരക്ഷണത്തെ കുറിച്ച് എന്തിന് സംസാരിക്കുന്നുവെന്നും സി പി എം പാര്‍ട്ടി ഓഫീസുകളുടെ അടുത്തായി എല്‍. കെ.ജി സ്‌കൂളുകള്‍ കൂടി തുടങ്ങേണ്ട സാഹചര്യത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുല്‍ വഹാബ് എം.പി, മലപ്പുറം ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ്, എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍ എം.എല്‍.എ, പി.കെ.ബഷീര്‍ എം.എല്‍.എ.ജോണി, കെ.എം.ഷാജി എം.എല്‍.എ, ബെന്നി ജോസ്, സി.പി.ചെറിയ മുഹമ്മദ്, കെ.ടി.മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി – മോയിന്‍കുട്ടി, അഡ്വ.പി.ശങ്കരന്‍ , ഉമ്മര്‍ പാണ്ടികശാല, ടി .പി .എ കരീം, കെ-കെ.അഹമ്മദ്, കെ.സി.റോസക്കുട്ടി, കെ.സി.അബു, എം.ബീരാന്‍ കുട്ടി, മുഹമ്മദ് കുഞ്ഞി, ടി.എം.ജോസഫ്, സുമ ബാലകൃഷ്ണന്‍, ബിനോയ്, പി.ജി.മുഹമ്മദ്, സി.കെ.ഖാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
രാഹുല്‍ വന്നാല്‍ കേരളത്തില്‍ ട്വന്റി -20: എം.കെ മുനീര്‍
Tags: loksabha election 2019