മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി അന്തരിച്ചു. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവടി പൊന്‍പുറം കബര്‍സ്ഥാനില്‍.
കോണ്‍ഗ്രസ് ദേശീയ നേതാക്കളായ എ.കെ ആന്റണി, വയലാര്‍ രവി എന്നിവരോടൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അബ്ദുല്‍ ഗഫൂര്‍ പൊതു രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗമായി. കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആയിരിക്കെ 1980 അസംബ്ലി തെരഞ്ഞെടുപ്പില്‍ കെ.ആര്‍ ഗൗരിയമ്മയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ചു.
1987 ല്‍ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് ആയി. മഹാത്മാഗാന്ധി ഒരു ദിവസം അന്തിയുറങ്ങിയ കുത്തിയതോട് പഞ്ചായത്തില്‍ ഗാന്ധിജി സ്മൃതി മണ്ഡപം സ്ഥാപിച്ചത് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. 1991 ല്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി. 2000 ല്‍ ജില്ലാ പഞ്ചായത്ത് അംഗമായി.
പിന്നീട് കഴിഞ്ഞ 17 വര്‍ഷത്തില്‍ അധികമായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും സെക്രട്ടറിയുമായിരുന്നു. നിലവില്‍ കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗമായ ഗഫൂര്‍ ഹാജി കയര്‍ഫെഡ് ചെയര്‍മാന്‍, കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കയര്‍ അപ്പലെറ്റ് അതോറിറ്റി ചെയര്‍മാനും ആയിട്ടുണ്ട്. നല്ലൊരു സംഘാടകനും പ്രസംഗകനുമായ ഇദ്ദേഹം ദീര്‍ഘകാലം പറയക്കാട് സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും തുറവൂര്‍ കലാരംഗം പ്രസിഡന്റും ആയിട്ടുണ്ട്. നല്ലൊരു കലാസ്വാദകന്‍ കൂടിയായിരുന്നു അബ്ദുള്‍ ഗഫൂര്‍. പോസ്റ്റ്മാനെ കാണ്മാനില്ല, വക്കീല്‍ വാസുദേവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നിലവില്‍ പൊന്‍പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു. നൂറുല്‍ ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനും ആയിരുന്നു. തുറവൂര്‍ നരൂച്ചിറ മാളികയില്‍ പരേതനായ കുഞ്ഞു പരീതാണ് പിതാവ്.